മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാർത്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാർത്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോലീസുകാരന് സസ്‌പെൻഷൻ. മന്ത്രിയ്‌ക്കെതിരെ ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ വന്ന വാർത്ത ഷെയർ ചെയ്തതിനാണ് നടപടി. ബേപ്പൂർ സ്‌റ്റേഷനിലെ എസ്‌ഐ പി ഹരീഷ് ബാബുവിനെയാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തത്.

കോഴിക്കോട് ബേപ്പൂർ സ്റ്റേഷനിലെ പോലീസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഹരീഷ് ഓൺലൈൻ വാർത്ത ഷെയർ ചെയ്തത്. സംഭവത്തിൽ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. താൻ മനപ്പൂർവം ഷെയർ ചെയ്തതല്ലെന്നും ഓൺലൈൻ ക്ലാസിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നുമായിരുന്നു പോലീസുകാരന്റെ വിശദീകരണം. എന്നാൽ ഇത് തള്ളിയാണ് സസ്‌പെൻഡ് ചെയ്തത്.