സിദ്ധാർഥന്റെ മരണം, അന്വേഷണം സിബിഐക്ക് വിട്ടു, ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിലെ കേസ് അന്വേഷണം സിബിഐക്കു വിട്ടു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

സിദ്ധാർത്ഥിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് എബിവിപി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ സമരത്തിലായിരുന്നു. ഇന്നലെ ഇടതുമുന്നണി യോഗത്തിൽ ഉൾപ്പെടെ സർക്കാരിനെതിരെ വിമർശനമുയർന്നിരുന്നു. തിരഞ്ഞെടുപ്പിൽ പോലും തിരിച്ചടിയായേക്കാമെന്ന വിലയിരുത്തലാണ് ഇപ്പോൾ കേസ് സിബിഐയ്‌ക്ക് വിടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പോലീസിന്റെ അനാസ്ഥയെ തുടർന്ന് സിദ്ധാർത്ഥിന് നീതി കിട്ടണമെന്ന ആവശ്യവുമായി കുടുംബം നടത്തിയ പോരാട്ടമാണ് സിബിഐ അന്വേഷണത്തിലെത്തിച്ചത്.

സിദ്ധാര്‍ഥന് നേരിടേണ്ടി വന്ന ക്രൂരത മുഖ്യമന്ത്രിയോട് വിവരിച്ചു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നുപറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെങ്കില്‍ അതുതന്നെ ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും ജയപ്രകാശ് വ്യക്തമാക്കിയിരുന്നു.

അതേസമയം സിദ്ധാർഥന്റെ മരണത്തിൽ കോൺഗ്രസ് പോഷക സംഘടനകൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സമരം നിർത്തിയത്. യൂത്ത് കോൺഗ്രസ് , മഹിളാ കോൺഗ്രസ് , കെഎസ് യു സംസ്ഥാന നേതാക്കളാണ് നിരാഹാരമിരുന്നിരുന്നത്.