സിദ്ധാർത്ഥിന്റെ ദുരൂഹ മരണം, SFI നേതാക്കൾ അടക്കം 12 പേർ ഒളിവിൽ, ആറ് പേർ അറസ്റ്റിൽ

വയനാട് : വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. SFI യുടെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സിദ്ധാർത്ഥ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് പിതാവ് പ്രതികരിച്ചു.

കേസിൽ എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. അറസ്റ്റിലായവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും റാ​ഗിം​ഗ് നിരോധന നിയമവും ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആറ് പേരും സിദ്ധാർത്ഥിനെ മർദ്ദിച്ചവരാണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകിട്ട് എട്ട് പേരെ പോലീസ് ചോ​ദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ആറ് പേരാണ് അറസ്റ്റിലായത്.

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തു. ഇവർക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നും പോലീസ് അറിയിച്ചു. പ്രതിപ്പട്ടികയിൽ 18 പേരാണുള്ളത്. ആദ്യം പ്രതി ചേർത്ത എസ്എഫ്ഐ നേതാവ് ഉൾപ്പടെ ഇപ്പോഴും ഒളിവിലാണ്. ക്രൂരമർദനത്തിന് സിദ്ധാർത്ഥ് ഇരയായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശേരിവയ്ക്കുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടന്നത്.