ഗുരുവായൂരപ്പനെ തൊഴുത് ജയറാമും പാര്‍വതിയും

ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി നടൻ ജയറാമും പാർവതിയും. ഗുരുവായൂരപ്പനെ കണ്ടു തൊഴുത് പ്രസാദ ഊട്ടായ കഞ്ഞിയും മുതിരപ്പുഴുക്കും കഴിച്ചാണ് ഇരുവരും മടങ്ങിയത്. ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ ഗുരുവായൂർ ക്ഷേത്രത്തിന്റെ സമൂഹമമാദ്ധ്യമ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഗുരുവായൂരപ്പനെ കണ്ട് മനസ്സറിഞ്ഞു തൊഴുന്ന ഇരുവരുടെയും ചിത്രത്തിനു നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ചിത്രങ്ങള്‍ക്കൊപ്പം കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ‘ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ആറാം ദിനമായ ഇന്ന് ചലച്ചിത്ര താരങ്ങളായ ജയറാം -പാർവതി ദമ്ബതിമാർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ഇരുവരെയും സ്വീകരിച്ചു. ഭഗവദ് ദർശനത്തിനു ശേഷം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലെത്തി പ്രസാദ ഊട്ടിലും അവർ പങ്കെടുത്തു. കഞ്ഞിയും മുതിരപ്പുഴുക്കും ആസ്വദിച്ചായിരുന്നു ജയറാമും പാർവ്വതിയും മടങ്ങിയത്’, എന്നായിരുന്നു കുറിപ്പ്.

ഈ വര്‍ഷത്തെ ഗുരുവായൂർ ഉത്സവത്തിനു ഫെബ്രുവരി 21ന് കൊടിയേറി. മാര്‍ച്ച്‌ 1 ആറോട്ടോടെ സമാപിക്കും. കലശദിവസങ്ങളില്‍ വടക്കേനടയിലെ വാതിലില്‍ കൂടിയാണ് ഭക്തർക്ക് നാലമ്ബലത്തിലേക്ക് പ്രവേശനം. മാത്രമല്ല, ക്ഷേത്രത്തില്‍ കലശ-ഉത്സവച്ചടങ്ങുകള്‍ നടക്കുന്ന ദിവസങ്ങളില്‍ അഞ്ചുവയസ്സിന്‌ താഴെയുള്ള കുട്ടികളെ നാലമ്ബലത്തില്‍ പ്രവേശിപ്പിക്കില്ല.

എന്നാല്‍, ചോറൂണ്‍, തുലാഭാരം തുടങ്ങിയ വഴിപാടുകള്‍ പതിവുപോലെ തന്നെ ഉണ്ടായിരിക്കും. കലശദിവസങ്ങളില്‍ വടക്കേനടയിലെ വാതിലില്‍ കൂടിയാണ് വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലെ നാലമ്ബലത്തിലേക്ക് പ്രവേശനം. ഇതിനായി ഒരു വരി മാത്രമേ ഉണ്ടാകൂ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

ആറാം ഉത്സവത്തിന് വിശേഷാല്‍ വകകൊട്ടുകയാണ്. എട്ടാം ദിവസത്തെ ഉത്സവത്തിനാണ് താന്ത്രികമായ ചടങ്ങുകള്‍ക്കു പ്രധാന്യമുള്ള ഉത്സവബലി നടക്കുന്നത്. പത്താം ഉത്സവം ആറാട്ട് ആണ്. മാർച്ച്‌ ഒന്നിന് രാത്രി 10നും 11നും ഇടയിലാണ് ആറാട്ട്. രാത്രി 11 മുതല്‍ കിഴക്കേ ഗോപുരത്തിലൂടെ എതിരേല്‍പ്പ് നടക്കും. തുടർന്ന് കൊടിയിറക്കല്‍ ചടങ്ങ്.