ഞങ്ങള്‍ ഒരുമിച്ച് ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്‌തേക്കാം, സയനോരയ്ക്ക് പിന്തുണയുമായി സിത്താര

കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്ക് ഒപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച ഗായിക സയനോര ഫിലിപ്പിന് എതിരെ വന്‍ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. അശ്ലീല കമന്റുകളും നിറഞ്ഞിരുന്നു. ഇപ്പോള്‍ സയനോരയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാര്‍. അതേ ഗാനത്തിന് സുഹൃത്തുക്കള്‍ക്ക് ഒപ്പം നൃത്തം ചെയ്താണ് സയനോരയ്ക്ക് സിതാര പിന്തുണ അറിയിച്ചത്.

‘ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്. ഞങ്ങള്‍ ഒരുമിച്ച് ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്‌തേക്കാം. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പിന്തുണയ്‌ക്കേണ്ടത് പ്രധാനവും ആവശ്യവുമാണ്. ഈ നൃത്തം ഞങ്ങളുടെ സുഹൃത്ത് സയനോരക്കും കൂട്ടര്‍ക്കും സമര്‍പ്പിക്കുന്നു ‘ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ സിത്താര കുറിച്ചു. കൂടാതെ ഇതുപോലെ സയനോരക്ക് പിന്തുണയുമായി പെണ്‍കുട്ടികളോട്, നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്യാനും സിത്താര പറയുന്നുണ്ട്. വീഡിയോക്ക് കമന്റുമായി നടിമാരായ ഭാവനയും രമ്യ നമ്പീശനും എത്തി.

കഴിഞ്ഞ ദിവസമാണ് സയനോര തന്റെ കൂട്ടുകാരും നടിമാരുമായ ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഡാന്‍സില്‍ സയനോര ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഗായിക സൈബര്‍ ആക്രമണം നേരിടുകയായിരുന്നു. എന്നാല്‍ മറുപടിയുമായി സയനോര മറ്റൊരു ചിത്രം കൂടി പങ്കുവെച്ചിരുന്നു.