അമ്മ ശീലിച്ച രീതി നാളെ മുതല്‍ ഉണ്ടാകില്ല, കൊറോണ കാലത്ത് വിരമിക്കുന്ന അമ്മയെ കുറിച്ച് മകന്‍ പറയുന്നത്

അങ്ങനെ അവസാന ഒൗദ്യോഗിക ദിനവും യാത്ര അയപ്പോ മറ്റൊ ഒന്നും ഇല്ലാതെ കടന്ന് പോയി. എന്നാല്‍ യാതൊരു പരാതിയോ പരിഭവമോ വിദ്യാഭ്യാസ വകുപ്പില്‍ 36 വര്‍ഷം ഓഫിസ് അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി ചെയ്ത വി. രമണിക്ക് ഉണ്ടായിരുന്നില്ല. കാരണം കൊറോണയും നിയന്ത്രണങ്ങളും എല്ലാം അവര്‍ക്കും അറിയാമായിരുന്നു. അവസാന ഔദ്യോഗിക ദിനത്തില്‍ ഭര്‍ത്താവ് മുരളിയും മകന്‍ അരുണും ഏതാനും ചില സഹ പ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. അമ്മയുടെ ഈ റിട്ടയര്‍മെന്റ് ദിനത്തെ കുറിച്ച് മകന്‍ അരുണ്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം:

‘ഇന്ന് എനിക്കും അച്ഛനും അമ്മയ്ക്കും ഒരു സാധാരണ ദിവസമല്ലായിരുന്നു, നീണ്ട 36 കൊല്ലത്തെ അമ്മയുടെ സര്‍വീസ് അവസാനിക്കുന്ന ദിവസമായിരുന്നു, അതേ അമ്മയുടെ റിട്ടയര്‍മെന്റ് ദിനം. എനിക്ക് ഓര്‍മ വച്ച നാള്‍ മുതലേ അമ്മ രാവിലെ ജോലിക്ക് പോകുന്നതും വൈകുന്നേരം വരുന്നതും കണ്ടാണ് വളര്‍ന്നത്.

അമ്മ ജോലി ചെയ്തിരുന്ന അതേ സ്‌കൂളില്‍ ആണ് ഞാന്‍ 5 മുതല്‍ പ്ലസ് ടു വരെ പഠിച്ചത്. സ്‌കൂളില്‍ ഉച്ച കഴിഞ്ഞു 3 മണിക്ക് ഒരു ഇന്റര്‍വെല്‍ ഉണ്ട്, ആ സമയം ഞാന്‍ നേരെ അമ്മയുടെ ഓഫിസിലേക്കു ചെല്ലും കാരണം ആ സമയത്താണ് സ്‌കൂളിലെ ജീവനക്കാര്‍ക്ക് ഉള്ള കാപ്പിയും പലഹാരങ്ങളുമായി അഷ്‌റഫ്ക്ക വരുന്നത്, അഷ്‌റഫ്ക്ക ഒരു സൈക്കിളില്‍ കാപ്പിയും പലഹാരങ്ങളും ആയിട്ട് സ്‌കൂള്‍ കോംബൗണ്ടിന്റെ ഉള്ളില്‍ എത്തുമ്പോഴേക്കും ഞാന്‍ ഓഫീസില്‍ എത്തിയിട്ടുണ്ടാകും അഷ്‌റഫ്ക്കാന്റെ കാപ്പിയോടും അടയോടും എനിക്ക് വല്ലാത്തൊരു അഡിക്ഷന്‍ ആയിരുന്നു, പാല്‍ കൂടുതല്‍ ഒഴിച്ചു വെള്ളം കുറച്ചുള്ള ആ കാപ്പിയുടെയും നല്ല വാഴയിലയില്‍ പൊതിഞ്ഞ അടയുടെ മണവും സ്വാദും ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും.

യുപി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ വിട്ടാല്‍ നേരെ അമ്മയുടെ ഓഫിസിലേക്ക് പോകും. എന്നിട്ടു ജോലി എല്ലാം തീര്‍ത്തു അമ്മ വരുന്നതു വരെ അമ്മയെ കാത്തു നില്‍ക്കും ഒരുമിച്ചു വീട്ടില്‍ പോകാന്‍. അന്ന് ഗവണ്‍മെന്റ് സ്‌കൂളിലൊക്കെ കുട്ടികള്‍ക്കായി കംപ്യൂട്ടര്‍ ലാബ് വന്ന സമയം ആയിരുന്നു, അതുകൊണ്ട് തന്നെ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ക്കു പോകാന്‍ സമയം ആകുന്നതു വരെ കംപ്യൂട്ടറില്‍ അന്നത്തെ ഇഷ്ട ഗെയിം ആയ റോഡ് റാഷ് കളിച്ചിരിക്കും. ചില സമയങ്ങളില്‍ സ്‌കൂളില്‍നടുത്തുള്ള ശിഹാബ്ക്കയുടെ ബേക്കറിയില്‍ പോയി ലൈമും ഇഷ്ട പലഹാരമായ കൊള്ളിയും കഴിക്കും അവിടെ ഞാന്‍ പൈസ കൊടുക്കണ്ട അമ്മ പറഞ്ഞു ഏല്പിച്ചിട്ടുണ്ടാകും അമ്മ കൊടുത്തോളുമായിരുന്നു.

ഒരിക്കല്‍ അമ്മ ലീവ് ഉള്ള ഒരു ദിവസം സ്‌കൂളിലെ പി ടി പീരിയഡിന്റെ സമയത്ത് ഗ്രൗണ്ടില്‍ വീണു എന്റെ കൈ ഒടിഞ്ഞു, വിവരം അറിഞ്ഞു വീട്ടില്‍നിന്നും ഓടിവന്ന അമ്മ സ്റ്റാഫ് റൂമില്‍ കൈ ഒടിഞ്ഞു ഇരിക്കുന്ന എന്നെ കണ്ടതും കരഞ്ഞു തളര്‍ന്നു കസേരയില്‍ വീണുപോയി അതുവരെ കൈ ഒടിഞ്ഞതാണെങ്കിലും മരവിപ്പ് കാരണം എനിക്ക് വേദന അറിഞ്ഞിരുന്നില്ല, പക്ഷെ അപ്പോഴത്തെ അമ്മയുടെ അവസ്ഥ കണ്ട എന്റെ മനസ് വല്ലാതെ വേദനിച്ചു. ശനിയാഴ്ച സ്‌കൂള്‍ ഇല്ലാത്ത ദിവസം ഒന്ന് വൈകുന്നേരം ആകാന്‍ കാത്തു നില്‍ക്കുമായിരുന്നു എല്ലാ വെള്ളിയാഴ്ചയും ഇറങ്ങുന്ന എന്റെ ഇഷ്ട കഥപുസ്തകമായ ബാലരമയും പലഹാരങ്ങളുമായി അമ്മ വരാന്‍ ആണ് ആ കാത്തിരിപ്പ്.

36 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അമ്മ ഔദ്യോഗികമായി സര്‍വിസില്‍നിന്നും വിരമിക്കുന്ന ഇന്ന് എന്റെ കുട്ടിക്കാലത്തെ ഓര്‍മകള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ മനസ്സില്‍ ഓടിയെത്തി അതാണ് ഈ എഴുത്തിനു കാരണം, ആ മനോഹരമായ കാലത്തേക്ക് ഇനി തിരിഞ്ഞുപോകാന്‍ കഴിയില്ലല്ലോ എന്ന് ആലോചിക്കുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലുണ്ട് ഗൃഹാതുരത്വം തുളുമ്പുന്ന എത്രയെത്ര ഓര്‍മകള്‍ ആണ് കഴിഞ്ഞുപോയത് ഇനിയും എഴുതാന്‍ ഓര്‍മകള്‍ ഒരുപാടുണ്ട് പക്ഷെ ഇവിടെ ചുരുക്കുന്നു. ഇത്രയും വര്‍ഷം അമ്മ ശീലിച്ച ഈ രീതി നാളെ മുതല്‍ ഉണ്ടാകില്ല, ശരിക്കും അമ്മയുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കം തന്നെ ആണല്ലോ ഇനിയുള്ളത് , അമ്മ അതുമായി എങ്ങനെ പൊരുത്തപ്പെടും എന്ന് ആലോചിക്കുമ്പോള്‍ ഒരു ആശങ്കയുണ്ട്. എന്തായാലും സന്തോഷകരമായതും സമാധാനപരമായതുമായ ഒരു വിശ്രമ ജീവിതം അമ്മയ്ക്ക് ആവശ്യമാണ്.. അത് ഏറ്റവും മനോഹരമാക്കി അമ്മയ്ക്ക് നല്‍കുവാന്‍ ഞാന്‍ ശ്രമിക്കും. അമ്മയ്ക്കു നല്ലൊരു വിശ്രമജീവിതം ആശംസിക്കുന്നു.