എസ് പി ബിയെ അവസാനമായി കാണാൻ എത്തുന്നത് വൻ ജനാവലി: വീട്ടിലെ പൊതുദര്‍ശനം പാതിയില്‍ ഉപേക്ഷിച്ചു

അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് വൻ ജനാവലി. മരണവാർത്ത എത്തിയതിനു പിന്നാലെ കോടമ്പാക്കം കാംധർ നഗർ ഫസ്റ്റ് സ്ട്രീറ്റിനിലുള്ള അദ്ദേഹത്തിൻറെ വസതിക്ക് മുന്നിലേക്ക് ആരാധകർ കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം ഇവിടെ എത്തിച്ചത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ശക്തമായ പൊലീസ് സന്നാഗം പ്രദേശത്ത് ഒരുക്കിയിരുന്നു. ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ പൊലീസ് പ്രദേശം അണുവിമുക്തമാക്കുകയും ചെയ്തു.

പ്രിയപ്പെട്ട എസ് പി ബിയെ അവസാനമായി ഒരു നോക്കു കാണാൻ ജനം അണപൊട്ടി ഒഴുകുകയാണ്. തിരക്ക് അനിയന്ത്രിതമായതിനെത്തുടർന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതുദർശനം പാതിവഴിയിൽ അവസാനിപ്പിച്ച് ഭൗതികശരീരം റെഡ് ഹിൽസിലെ ഫാം ഹൗസിലേക്ക് മാറ്റി. ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ 11നാണ് സംസ്കാരം.

നാലുമണിയോടെ നുങ്കംപാക്കത്തെ സ്വന്തം വീട്ടിലെത്തിച്ച ഭൗതികശരീരത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ ആളുകൾ ഒഴുകിയെത്തി. വീടിനു ചുറ്റുമുള്ള റോഡുകൾ അടച്ച് ജനത്തെ നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങളുമായി ആലോചിച്ച് എട്ട് മണിയോടുകൂടി പൊതുദർശനം അവസാനിപ്പിച്ചു. ഭൗതികശരീരം റെഡ് ഹിൽസിലെ താമരപാക്കത്തെ ഫാം ഹൗസിലേക്ക് മാറ്റി. ഫാം ഹൗസിന്റെ സുരക്ഷയ്ക്കായി 500 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഔദ്യോഗിക ബഹുമതികളോടുകൂടെ നാളെ നടക്കുന്ന സംസ്കാര ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കളും മാത്രമേ പ്രവേശനം ഉണ്ടാകൂ.

കോവി‍ഡ് ബാധിച്ചു അൻപതു ദിവസം വൈറസിനോടു പൊരുതി ഇന്ന് ഉച്ചയ്ക്കു ഒരുമണിക്കായിരുന്നു അന്ത്യം. കഴിഞ്ഞ നാലിനു നടത്തിയ കോവി‍ഡ് പരിശോധന ഫലം നെഗറ്റീവായിരുന്നുവെന്നും മരണകാരണം ഹൃദയാഘാതമാണെന്നും അദ്ദേഹത്തെ ചികിൽസിച്ച ചെന്നൈ അമിഞ്ഞിക്കരയിലെ സ്വകാര്യ ആശുപത്രി അറിയിച്ചു.

വൈറസിനെ തുരുത്തി സാധാരണ ജീവിതത്തിലേക്കു തിരികെ വരുന്നുവന്ന വാർത്തകൾക്കിടെ ഇന്നലെ വൈകീട്ടാണ് ആശങ്കയുർത്തിയ മെഡിക്കൽ ബുള്ളറ്റിൻ എത്തിയത്. ഇരുപത്തിനാലു മണിക്കൂറായി അതീവ ഗുരുതരാവസ്ഥയിലാണെന്നും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായം പൂർണതോതിൽ നല്‌കുന്നതായി പറയുന്ന ബുള്ളറ്റിനിൽ തന്നെ അപകടസൂചനയുണ്ടായിരുന്നു.