ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്, ഹരിയാന പോലെ കേരളം ആകണോ..? നിലപാട് കടുപ്പിച്ച് സ്പീക്കർ

മലപ്പുറം: ​ഗണപതി മിത്താണെന്ന പരാമർശത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി സ്പീക്കർ എ എൻ ഷംസീർ. പാഠ്യപദ്ധതിയുടെ മറവിൽ കാവിവൽക്കരണമാണ് നടക്കുന്നത്. ഭരണഘടനയെന്തെന്ന് കുട്ടികളെ പഠിപ്പിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് മലപ്പുറത്ത് നടത്തിയ പ്രസം​ഗത്തിലൂടെ സ്പീക്കർ പറഞ്ഞു.

ശാസ്ത്രം സത്യമാണ്. ശാസ്ത്രം പ്രചരിപ്പിക്കുക എന്നാൽ വിശ്വാസം തള്ളിപ്പറയുകയെന്നല്ല. മതനിരപേക്ഷവാദിയാവുകയെന്നതാണ് നാം എടുക്കേണ്ട പ്രതിജ്ഞ. എല്ലാ ജാതിമതസ്ഥർക്കും ഒന്നിച്ചിരിക്കാനും അഭിപ്രായം പറയാനും കഴിയണം. ഭിന്നിപ്പുണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് ഓരോ കുട്ടിയും ഇന്ന് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്‌കാരങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അതിന്റെ മറവിൽ നടക്കുന്നത് കാവിവൽക്കരണമാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ സംഭാവനകൾ ഇല്ലാതെയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വിദ്യാർത്ഥികളെ പിടിക്കണം, അതിലൂടെ തലമുറയെ പിടിക്കണം, അതിലൂടെ തങ്ങളുടെ ഹിഡൻ അജണ്ട നടപ്പിലാക്കണം, അതിനാണ് ചിലർ ശ്രമിക്കുന്നത്. ചരിത്രത്തെ വക്രീകരിക്കാൻ ശ്രമിക്കുന്ന ഇന്ത്യയിൽ എന്താണ് വസ്തുത എന്ന് പഠിപ്പിക്കേണ്ട കാലമാണ്. ഭരണഘടനയുണ്ടായത് ഒരു സുപ്രഭാതത്തിലല്ല. ജനാധിപത്യത്തിൽ ഏറ്റവും പ്രധാനം സംവാദവും ചർച്ചയും വിയോജിപ്പുമാണ്.

എന്റെ അഭിപ്രായത്തോട് യോജിക്കാം, വിയോജിക്കാം. പക്ഷെ വസ്തുതകളല്ലാത്ത ചരിത്രം പഠിപ്പിക്കാൻ ശ്രമിക്കരുത്. ക്ലാസ് മുറികളിൽ ഭരണഘടന പഠിപ്പിക്കണമെന്നതിലേക്ക് ആധുനിക ഇന്ത്യ നിർബന്ധിതമായിരിക്കുന്നു. മതേതരത്വം എന്നാൽ മതനിരാസമല്ല, മത നിരപേക്ഷതയാണ്. ഇന്ത്യ എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നു. ഇന്ത്യയിൽ മത നിരപേക്ഷത നിലനിർത്താൻ പ്രവർത്തിക്കാൻ നമ്മൾ നിർബന്ധമായിരിക്കുന്നു.

മഹാത്മാഗാന്ധിയെ കൊലപെടുത്തിയതാണ്, എന്നാൽ മരിച്ചുവെന്ന് വരുത്തനാണ് ശ്രമം. ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്. ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപനം നടത്താൻ നമുക്ക് സാധിക്കണം. ഹരിയാന പോലെ കേരളം ആകണോ..? മനുഷ്യരെ സ്നേഹിക്കുന്നവരാണ് നമ്മൾ. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന സാംസ്കാരമാണ് കേരളത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

മതത്തിൽ വിശ്വസിക്കാം എന്നാൽ ഇന്ത്യ ഒരു മത രാഷ്ട്രമല്ല. ഇന്ത്യ എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നു. ശാസ്ത്രത്തെ പ്രചരിപ്പിക്കണം എന്നത് മതത്തെ തള്ളിപ്പറയൽ അല്ല. ശക്തനായ മതനിരപേക്ഷനാവുക എന്നത് ഇന്ന് ആവശ്യമാണ്. നമുക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന പ്രതിജ്ഞയാണ് ഓരോ കുട്ടിയും എടുക്കേണ്ടതെന്നും എ എൻ ഷംസീർ പറഞ്ഞു.