അഴിമതിക്കേസിൽ അറസ്റ്റിലായ ചന്ദ്രബാബു നായിഡുവിന് ജയിലിൽ പ്രത്യേക മുറി, ഭക്ഷണം വീട്ടിൽ നിന്ന് എത്തിക്കും

അമരാവതി : ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന് ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ നിന്നുള്ള ഭക്ഷണവും അനുവദിച്ച് കോടതി. 371 കോടി രൂപയുടെ അഴിമതിക്കേസിൽ ജാമ്യം നിഷേധിച്ച വിജയവാ‌ഡയിലെ മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡിഷ്യൽ റിമാൻഡിൽ കഴിഞ്ഞ ദിവസം വിട്ടിരുന്നു.

സുരക്ഷാഭീഷണിയുള്ളതിനാൽ 73കാരനായ ചന്ദ്രബാബു നായിഡുവിനെ പ്രത്യേകം തമാസിപ്പിക്കാൻ അമരാവതിയിലെ എസിബി കോടതി രാജാമഹേന്ദ്രവാരം സെൻട്രൽ പ്രിസൻ സൂപ്രണ്ടിനു നിർദേശം നൽകി. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണു ചന്ദ്രബാബു നായിഡു. ഇനി സെപ്റ്റംബർ 22 ന് നായിഡുവിനെ കോടതിയിൽ ഹാജരാക്കും.

ശനിയാഴ്ച പുലർച്ചെ നന്ദ്യാൽ ജില്ലയിലെ ഗാനപുരത്തുനിന്ന് ആന്ധ്ര സിഐഡി വിഭാഗം അറസ്റ്റ് ചെയ്ത നായിഡുവിനെ ചോദ്യം ചെയ്യലിനു ശേഷം അഴിമതിക്കേസുകൾ വിചാരണ ചെയ്യുന്ന കോടതിയിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഹാജരാക്കിയത്. സംസ്ഥാനത്തു നടപ്പാക്കിയ നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയതിനാണ് അറസ്റ്റ്.

പൊതുപ്രവർത്തകനെന്ന നിലയിൽ കുറ്റകരമായ വിശ്വാസ വഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. രാജമുണ്ട്രി ജയിലിലേക്കാണ് ചന്ദ്രബാബു നായിഡുവിനെ മാറ്റിയത്. ഇതോടെ നേതാവിനെ പുറത്തിറക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് ടി.‌ഡി.പിയുടെ തീരുമാനം. അഡ്വ. സിദ്ധാർത്ഥ് ലൂത്ര തന്നെ ഹൈക്കോടതിയിലും നായിഡുവിന് വേണ്ടി ഹാജരാകും.