സുരേഷ് ഗോപിയുടെ അപര സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി, തൃശൂരില്‍ മത്സര രംഗത്ത് 10പേര്‍

തൃശൂര്‍ : തൃശൂരില്‍ അഞ്ച് പേരുടെ പത്രികകള്‍ തള്ളി. ആകെ ലഭിച്ച 15 നാമനിര്‍ദ്ദേശ പത്രികകളില്‍ അഞ്ചെണ്ണം തള്ളിയപ്പോള്‍ മത്സര രംഗത്തുള്ളത് പത്ത് സ്ഥാനാര്‍ത്ഥികള്‍. സി.പി.ഐ സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറിന്റെ ഡമ്മി സ്ഥാനാര്‍ത്ഥി രമേഷ്‌കുമാറിന്റെയും ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഡമ്മി സ്ഥാനാര്‍ഥിയായ അനീഷ് കുമാറിന്റെയും പത്രികകള്‍ തള്ളി.

വിഎസ് സുനില്‍കുമാറിന്റെ അപര സ്ഥാനാര്‍ത്ഥിയായ സുനില്‍ കുമാറിന്റെ പത്രിക സ്വീകരിച്ചു. സത്യവാങ്മൂലം കൃത്യമായി പൂരിപ്പിക്കാത്തതിനാല്‍ പി അജിത്ത് കുമാര്‍ (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി), പേര് നിര്‍ദേശിച്ചവരുടെ വിവരങ്ങള്‍ കൃത്യമായി ഇല്ലാത്തതിനാലും ഇതര ലോകസഭാ മണ്ഡലത്തിലെ വോട്ടറായതിനാല്‍ ഇലക്ടറല്‍ റോളിന്റെ പകര്‍പ്പ് സമര്‍പ്പിക്കാത്തതിനാലും സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ പി കല, പേര് നിര്‍ദേശിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോ. കെ. പത്മരാജന്‍ എന്നിവരുടെയും പത്രികകളും സൂക്ഷ്മ പരിശോധനയില്‍ തള്ളി.

ഏപ്രില്‍ ഏട്ടിന് വൈകിട്ട് മൂന്നുവരെ പത്രിക പിന്‍വലിക്കാം. അന്നേദിവസം തന്നെ ചിഹ്നങ്ങള്‍ അനുവദിക്കും. ജില്ലാ കലക്ടറുമായ വി.ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്.