ജോസ് കെ മാണിയുടെ മകൻ ഓടിച്ച വാഹനം അമിത വേഗത്തിൽ, ബ്രേക്ക് ചെയ്തപ്പോൾ വണ്ടി മൂന്ന് തവണ വട്ടം കറങ്ങി – ദൃക്സാക്ഷി

കോട്ടയം . ജോസ് കെ മാണിയുടെ മകൻ ഓടിച്ച വാഹനം അമിത വേഗത്തിൽ ആയിരുന്നെന്നും ബ്രേക്ക് ചെയ്തപ്പോൾ വണ്ടി മൂന്ന് തവണ വട്ടം കറങ്ങിയെന്നും ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ പുറത്ത്. മണിമലയിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ ജോസ് കെ മാണിയുടെ മകൻ ഓടിച്ച വാഹനം അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷി ജോമോൻ പറഞ്ഞ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ബ്രേക്ക് ചെയ്തപ്പോൾ വണ്ടി മൂന്ന് തവണ വട്ടം കറങ്ങിയെന്നാണ് ദൃക്സാക്ഷി ജോമോൻ പറഞ്ഞിരിക്കുന്നത്.

വണ്ടി പാളി പോയെന്ന് ജോസ് കെ മാണിയുടെ മകൻ തന്നെ പറഞ്ഞിരുന്നതായി ജോമോൻ പറഞ്ഞിട്ടുണ്ട്. എതിർ ദിശയിൽ ആയിരുന്നു വാഹനങ്ങൾ എന്നും ജോമോൻ പറ‍യുന്നു. സംഭവത്തിൽ 19കാരനെ കെ.എം മാണി ജൂനിയറിനെ (കുഞ്ഞുമാണി) അറസ്റ്റ് ചെയ്തിരുന്നെങ്കിലും രക്ത പരിശോധന നടത്താതെ പോലീസ് വിടുകയുമാണ് ഉണ്ടായത്. കരിക്കാട്ടൂരിനും മണിമലയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്.

കെ.എം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചിരുന്നു. കെ.എം മാണി ജൂനിയർ അശ്രദ്ധമായും അമിത വേഗതയിലും വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുക വഴി, മണിമല പതാലിപ്ലാവ് കുന്നുംപുറത്ത് താഴെ മാത്യു ജോണ്‍ (35), സഹോദരൻ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരണപ്പെടുന്നത്. മണിമല ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്ക് സഞ്ചരിക്കുകയുമായിരുന്നു സഹോദരങ്ങൾ.

എതിർ ദിശയിൽ റാന്നി ഭാഗത്തു നിന്നും മണിമല ഭാഗത്തേക്ക് പോയ KL-07-CC-1717 ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് എതിർദിശയിലേക്ക് കറങ്ങി എത്തിയപ്പോഴാണ് അതിനു പിന്നിലേക്ക് സ്‌കൂട്ടർ ഇടിച്ചുകയരുന്നതെന്നു ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. വാഹനം ഓടിച്ചത് കെ.എം മാണി ജൂനിയർ ആയിരുന്നു. പാലാ സ്വദേശിയായ സേവ്യർ മാത്യു എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു വാഹനം.