സ്‌കൂൾ വിദ്യാർത്ഥിനികളോട് മോശം പെരുമാറ്റം ; അദ്ധ്യാപകനായ സിപിഎം നേതാവിനെ രക്ഷിക്കാൻ ശ്രമിച്ച നാല് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ആലപ്പുഴ : സ്‌കൂൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ സിപിഎം നേതാവായ അദ്ധ്യപകനെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച സിപിഎം നേതാക്കൾക്ക് പാർട്ടിയുടെ കാരണം കാണിയ്‌ക്കൽ നോട്ടീസ്. കേസിൽ അറസ്റ്റിലായ അദ്ധ്യാപകൻ ശ്രീജിത്തിനെ സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി യോഗം സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് നാല് പാർട്ടി നേതാക്കൾക്ക് കാരണം കാണിയ്‌ക്കൽ നോട്ടീസ് നൽകിയത്.

ഒരു ഏരിയാ കമ്മിറ്റി അംഗം, വനിത ജനപ്രതിനിധി, ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഒരു ലോക്കൽ കമ്മിറ്റിയംഗം എന്നിവർക്കാണ് കാരണം കാണിയ്‌ക്കൽ നോടീസ് ലഭിച്ചത്. അധ്യാപകന്റെ മോശം പെരുമാറ്റത്തെ തുടർന്ന് വിദ്യാർത്ഥിനികൾ സ്‌കൂൾ മാനേജ്‌മെന്റിന് പരാതി നൽകി. എന്നാൽ നടപടി ഉണ്ടായില്ല. ഇതോടെ വിദ്യാർത്ഥികൾ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.

അമ്പലപ്പുഴ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും ഇയാൾക്ക് ജാമ്യം ലഭിച്ചു. പിന്നീട് മറ്റൊരു പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി. എന്നാൽ പ്രതി ആദ്യം അറസ്റ്റിലായപ്പോൾ പാർട്ടി നേതൃത്വത്തോട് ആലേചിക്കാതെ ഇടപെടുകയും പരാതിക്കാരെ സ്വാധീനിക്കുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്തതിലാണ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. പരാതിക്കാരുടെ വീട്ടിലെത്തിയ പ്രാദേശിക നേതാക്കന്മാർ അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതി ഉയർന്നു.