തൃശ്ശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്ത ചുവട് വെച്ചും കൈവീശിയും സ്ഥാനാര്‍ത്ഥികള്‍, ആവേശത്തിൽ പ്രവർത്തകർ

തൃശൂര്‍: തൃശ്ശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്ത ചുവട് വെച്ചും കൈവീശിയും സ്ഥാനാര്‍ത്ഥികള്‍ ആവേശത്തില്‍ പങ്കുചേര്‍ന്നു. ഹൈഡ്രജന്‍ ബലൂണുകളും പൂത്തിരികളും വാദ്യമേളങ്ങളും കൊണ്ട് കൊട്ടിക്കലാശം.

തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചത് പൂരത്തെ വെല്ലുന്ന ആഘോഷത്തോടെ. തെക്കേ ഗോപുരനടക്കു താഴെ മൂന്ന് പോയിന്‍റുകളിലായി സ്ഥാനാര്‍ത്ഥികള്‍ നിരന്നപ്പോള്‍ ആവേശത്തിലായി പ്രവര്‍ത്തകർ. ആവേശം അണപൊട്ടിയ അവസാന മിനിട്ടുകളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം വെച്ച് സുരേഷ് ഗോപി. കൈവീശി അഭിവാദ്യം ചെയ്ത് കെ മുരളീധരനും വിഎസ് സുനില്‍കുമാറും പ്രവര്‍ത്തകരുടെ ആവേശത്തിനൊപ്പം ചേര്‍ന്നു.

അവസാന നിമിഷ അടിയൊഴുക്കുകള്‍ വിധി നിര്‍ണ്ണയിച്ചേക്കാവുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് തൃശൂര്‍ എത്തിയതിന്‍റെ എല്ലാ ആവേശവും കൊട്ടിക്കലാശത്തിലും കണ്ടു. കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവെന്ന പരിവേഷവുമായി കെസി വേണുഗോപാല്‍ മത്സരിക്കുന്ന ആലപ്പുഴയിലും പ്രചരണത്തിന് ആവേശകരമായ സമാപാനം.

കേരള കോണ്‍ഗ്രുകള്‍ പരസ്പരം മത്സരിക്കുന്ന കോട്ടയത്തും അവസാന നിമിഷം വരെ ആവേശത്തിന് കുറവുണ്ടായില്ല.എന്‍ഡിഎയുടെ തുഷാര്‍ വെള്ളാപ്പള്ളി പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്ക് ദോഷമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. കഴിഞ്ഞ തവണത്തെ വമ്പന്‍ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് എറണാകുളത്ത് ഹൈബി ഈഡന്‍ പ്രചരണം അവസാനിപ്പിച്ചത്.

പുതുമുഖമായി വന്ന് വോട്ടര്‍മാരുടെ പ്രീയ താരമായി മാറിയ ഷൈന്‍ ടീച്ചര്‍ അത്ഭുതം കാട്ടുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. യുഡിഎഫിന് മേല്‍ക്കോയ്മയുണ്ടായിരുന്ന ചാലക്കുടിയില്‍ സൗമ്യനായ സി രവീന്ദ്രനാഥിലാണ് ഇടത് പ്രതീക്ഷ. ട്വന്‍റി ട്വന്‍റി അത്ഭുതം കാട്ടിയാല്‍ ആര്‍ക്കാവും ഗുണമെന്ന കണക്കുകൂട്ടലിലാണ് പ്രചരണം കൊടിയിറങ്ങിയ ശേഷവും മുന്നണികള്‍.