കേരളം നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചരണം

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൽ കേരളം ജനവിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്നലെ വൈകീട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുമണി വരെയാണ് പോളിങ്.

25,231 പോളിങ് ബൂത്തുകളാണ് 20 മണ്ഡലങ്ങളിലുമായി സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ആകെ 2,77,49,159 വോട്ടർമാരാണ് ഇത്തവണയുള്ളത്. അതിൽ 6,49,833 പേർ കന്നി വോട്ടർമാരാണ്. 1,43,33,499 സ്ത്രീ വോട്ടർമാരും, 1,34,15293 പുരുഷ വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരുമാണ് ഇത്തവണത്തെ വോട്ടർപട്ടികയിലുള്ളത്. 25177 ബൂത്തുകളും 54 ഉപബൂത്തുകളും ഉൾപ്പെടെയാണ് 25231 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. 30238 ബാലറ്റ് യൂണിറ്റുകളും 30,238 കൺട്രോൾ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു കേരളത്തിലെ പോളിങ് ശതമാനം. 2021ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. പോളിങ് ശതമാനം 80ൽ കുറയാതിരിക്കുകയെന്ന ലക്ഷ്യവുമായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവർത്തനങ്ങൾ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കമ്മിഷൻ അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് സുരക്ഷയൊരുക്കാന്‍ 66,303 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. അധികസുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയുമുണ്ട്. ‍ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴില്‍ പോലീസ് ജില്ലകളെ 144 ഇലക്ഷന്‍ സബ്ബ് ഡിവിഷന്‍ മേഖലകളാക്കിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.