ആചാരങ്ങളുടെ ന​ഗ്നമായ ലംഘനം, വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടിയാണ് തൃശൂരിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി

ചരിത്രത്തിലാദ്യമായി പൂരാഘോഷം നിർത്തി വയ്‌ക്കേണ്ട സാഹചര്യം ഉണ്ടായത് പൊലീസിന്റെ ധാർഷ്ട്യം കൊണ്ട്, ആചാരങ്ങളുടെ ന​ഗ്നമായ ലംഘനമാണ് നടന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി ബാബു. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടിയാണിതെന്നും സംഭവത്തെ നിസാരവത്കരിച്ച് കാണരുതെന്നും അ​ദ്ദേഹം പറഞ്ഞു.

വളരെ പ്രസിദ്ധമാണ് വടക്കുംനാഥ ക്ഷേത്രം. ആചാരപരമായി ഏറെ പ്രാധാന്യമാണ് പൂരത്തിനുള്ളത്. പവിത്രമായി കാണുന്ന ക്ഷേത്രത്തിലാണ് പാദരക്ഷ ധരിച്ച് പൊലീസ് ആചാരലംഘനം നടത്തിയിരിക്കുന്നത്. കേരളത്തിലെ ഉത്സവങ്ങൾ അലങ്കോലമാക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങളോടും വിശ്വാസങ്ങളോടും ധാർഷ്ട്യം കാണിക്കാനുള്ള ധൈര്യം പൊലീസിന് എവിടെ നിന്ന് ലഭിക്കുന്നു‌വെന്നും അദ്ദേഹം ചോദിച്ചു. സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേ​ഹത്തെ സസ്പെൻഡ് ചെയ്യാൻ പിണറായി വിജയന് ആർ‌ജവമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

തുടർച്ചയായി പൂരപ്രേമികളെയും വിശ്വാസികളെയും അവഹേളിക്കുകയാണ് സർക്കാരും പൊലീസും. കഴിഞ്ഞ വർഷത്തെ കുടമാറ്റത്തിൽ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. അതിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിന് പിന്നാലെ വൻ പ്രതിഷേധങ്ങളാണ് ഉടലെടുത്തത്. അതിന്റെ ബാക്കിയെന്നവണ്ണമാണ് ഇത്തവണയും പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം.

പൂരം നിർത്തിവച്ചതും ഹൈക്കോടതി ഉത്തരവ് മറിക്കടന്ന് പാദരക്ഷകൾ ധരിച്ച് ക്ഷേത്ര പ്രദക്ഷിണ വീഥിയിൽ കയറിയതുമൊക്കെ നിസാരമായി കാണാൻ കഴിയില്ല. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തോടുള്ള വെല്ലുവിളിയാണിത്. ഈ നാടിന്റെ ദേശീയ പൈതൃ‌കത്തെ ഉയർത്തി പിടിക്കുന്ന പൂരത്തെ തകർക്കുക എന്ന ലക്ഷ്യം പോലീസിനെ ഉപയോ​ഗിച്ച് സർക്കാർ നടപ്പാക്കിയതാണെന്ന് ന്യായമായും സംശയിക്കാമെന്നും ആർവി ബാബു പറഞ്ഞു.