കേരളത്തിലേക്ക് തോക്ക് കടത്തി;ടി.പി കേസ് പ്രതി കർണാടക പൊലിസ് കസ്റ്റഡിയിൽ

കണ്ണൂർ: കേരളത്തിലേക്ക് തോക്ക് കടത്തിയ കേസിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് രജീഷിനെ ബംഗളൂരുവിൽ നിന്നെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ നിർദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയ കേസിലാണ് പൊലീസ് നടപടി.

കഴിഞ്ഞ ദിവസം കർണാടക പൊലീസ് നടത്തിയ പരിശോധനയിൽ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ ജയിലിൽ കഴിയുന്ന ടി.കെ രജീഷിന്റെ നിർദേശ പ്രകാരമാണ് തോക്ക് കൊണ്ടുവന്നതെന്ന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലെത്തി കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രജീഷിനെ മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുമ്പോഴാണ് പൊലീസ് പിടിച്ചത്. കേസിൽ നാലാം പ്രതിയാണ് ടി കെ രജീഷ്. ആകെ 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ പി കെ കുഞ്ഞനന്തനും അശോകനും മരിച്ചതോടെ 10 പ്രതികളാണുള്ളത്.

അതേസമയം, ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ തുടരെ തുടരെ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. നേരത്തെ മുഹമ്മദ് ഷാഫിയെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കി മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടു വരാൻ തങ്ങളെ സഹായിച്ചത് ടി പി കേസ് പ്രതികളാണെന്നാണ് അർജുൻ ആയങ്കി കസ്റ്റംസിനോട് പറഞ്ഞത്.