മറുകണ്ടം ചാടിയ ടോം വടക്കനു ബിജെപിയിലും സീറ്റില്ല; കോൺഗ്രസിൽ തിരിച്ചു കേറാൻ അണിയറ നീക്കം

ന്യൂഡെൽഹി: സ്ഥാനാർഥിത്വം മാത്രം ലക്ഷ്യമിട്ട് മറുകണ്ടം ചാടിയ മുൻ കോൺഗ്രസ് നേതാവ് ടോം വടക്കന് ബിജെപിയിൽ സീറ്റില്ല. തൃശൂർ, ചാലക്കുടി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാമെന്ന വാഗ്ദാനത്തെ തുടർന്നാണ് വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. എന്നാൽ സംസ്ഥാന നേതൃത്വം വടക്കനെതിരെ നിലപാടെടുത്തതോടെ സ്ഥിതി മാറി.

ഇതോടെ ബിജെപിയിലും നിൽക്കള്ളിയില്ലാത്ത സ്ഥിതിയിലാണ് വടക്കൻ. നിലവിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത പത്തനംതിട്ടയിൽ വടക്കനെ പരിഗണിക്കാൻ സാധ്യതയില്ല. ഇതുവരെ പ്രഖ്യാപിച്ച 13 സീറ്റുകളിലും വടക്കന്‍റെ പേരില്ല. പത്തനംതിട്ടയ്ക്ക് വേണ്ടി കെ സുരേന്ദ്രനും പിഎസ് ശ്രീധരന്‍ പിള്ളയും പിടിവലി കൂടുന്നതിനാൽ വടക്കൻ പടിക്കുപുറത്താകുമെന്ന് ഉറപ്പായി.

ഇതിനിടെ വടക്കൻ കോൺഗ്രസിലേക്ക് തിരിച്ചു വരാൻ സാധ്യതകൾ ആരാഞ്ഞതായും സൂചനകളുണ്ട്. എന്നാൽ കാലുവാരിയ വടക്കനെ വേണ്ടെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം ഉറച്ചു നിന്നു.