പത്തനംതിട്ട പിടിക്കാൻ ശ്രീധരൻപിള്ളയുടെ പതിനെട്ടാമടവ്: നടക്കില്ലെന്ന് വെല്ലുവിളിച്ച് സുരേന്ദ്രൻ; പ്രഖ്യാപനം നീണ്ടതോടെ താളം തെറ്റി ബിജെപി

ന്യൂഡെൽഹി: പത്തനംതിട്ട സീറ്റിനായി ബിജെപിയിലെ ഉൾപ്പോര് മുറുകുന്നു. അൽഫോൺസ് കണ്ണന്താനവും എം.ടി. രമേശും പിൻവാങ്ങിയതോടെ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും സുരേന്ദ്രനും തമ്മിലാണ് മത്സരം മുറുകുന്നത്. ഇന്ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ പത്തനംതിട്ട കൈക്കലാക്കാൻ ഇരുവരും പിടി മുറുക്കുന്നതായിട്ടാണ് സൂചന. രണ്ടു പേരെയും പിണക്കാനാവാത്തതിനാൽ സമവായത്തിലെത്താൻ കേന്ദ്ര നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല.

വിജയ പ്രതീക്ഷയുള്ള മണ്ഡലമെന്നതാണ് പത്തനംതിട്ടയ്ക്ക് വേണ്ടി ഇത്ര സമ്മർദം ശക്തമാക്കുന്നത്. അതേസമയം ഇടത്-വലത് സ്ഥാനാർഥികൾ പ്രചരണത്തിൽ ഏറെ മുന്നിലെത്തിയിട്ടും പ്രാരംഭ ഘട്ട പ്രചരണത്തിനു പോലും ബിജെപിക്ക് തുടക്കമിടാനായിട്ടില്ല. സീറ്റിനായി സംസ്ഥാന അധ്യക്ഷൻ ഓടി നടക്കുമ്പോൾ പാർട്ടി പരിപാടികൾ താളം തെറ്റുന്നതായി ആക്ഷേപം ശക്തമാണ്.

സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായ മണ്ഡലങ്ങളിൽ പ്രചരണത്തിനു തുടക്കമിടാനും പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. സ്ഥാനാർഥികൾ സ്വതന്ത്രമായി നടത്തുന്ന പ്രചരണ പരിപാടികളാണ് പുരോഗമിക്കുന്നത്. പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയെ വെട്ടി സുരേന്ദ്രൻ ഉറപ്പിച്ചെന്ന സൂചന കിട്ടിയിട്ടും പത്തനംതിട്ട മാത്രം പ്രഖ്യാപിക്കാതെ പോയതാണ് സംസ്ഥാന നേതൃത്വത്തിന് ആകാംക്ഷ കൂട്ടുന്നത്. അവസാന ഘട്ടം ഒഴിവാക്കിയതിൽ ദേശീയനേതൃത്വത്തെ ശ്രീധരൻപിള്ള അതൃപ്തി അറിയിച്ചിരുന്നു.

പിള്ളയുടെ പരാതി വന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചയുണ്ടാകുമോ, സുരേന്ദ്രനെ മാറ്റുമോ അതോ രണ്ട് പേർക്കുമപ്പുറം മറ്റാരെങ്കിലും വരുമോ എന്നിങ്ങനെ, പല തരം അഭ്യൂഹങ്ങൾ ഈ സാഹചര്യത്തില്‍ ഉയരുന്നുമുണ്ട്. പത്തനംതിട്ട മണ്ഡലത്തിൽ ഉണ്ടായിരുന്ന കെ സുരേന്ദ്രൻ പ്രഖ്യാപനം വരാത്തതോടെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. എന്താണ് കാരണമെന്ന് അറിയില്ലെന്ന് പറഞ്ഞാണ് സംസ്ഥാന പ്രസിഡന്‍റ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.