പിവി ശ്രീനിജൻ എംഎൽഎയുടെ പരാതി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും

കൊച്ചി. സാബു എം ജേക്കബിനെതിരായ പരാതി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. പരാതിക്കാരനായ പിവി ശ്രീനിജന്‍ എംഎല്‍എയുടെ മൊഴി രേഖപ്പെടുത്താന്‍ സമയംതേടി. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്താന്‍ സമയം തേടിയത്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് നടപടി.

ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എംഎല്‍എ എത്തിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റും ട്വന്റി20 അംഗങ്ങളായ ജനപ്രതിനിധികളും വേദി വിട്ടിറങ്ങിയ സംഭവം ജാതീയമായ അപമാനിക്കലാണെന്നു കാണിച്ചാണു പരാതി. സാബു എം. ജേക്കബ് ആണ് ഒന്നാം പ്രതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, അംഗങ്ങളായ എ സത്യ പ്രകാശ്, ജീല്‍ മാവേലില്‍, പിടി രജനി എന്നിവരും പ്രതികളാണ്.

മണ്ഡലത്തില്‍ നടക്കുന്ന പരിപാടികളില്‍ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ തന്നോടൊപ്പം വേദി പങ്കിടുന്നതിനു ട്വന്റി20യുടെ പഞ്ചായത്ത് അംഗങ്ങളെ വിലക്കിയിരിക്കുകയാണെന്നു എംഎല്‍എ പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 30നു പോലീസിനു ലഭിച്ച പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. അന്വേഷണത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണു കേസ്. തന്നെയും ട്വിന്റി20യെയും തന്റെ വ്യവസായത്തെയും തകര്‍ക്കാനുള്ള ശ്രമമാണു പിവി ശ്രീനിജിന്റേതെന്നു സാബു എം.ജേക്കബ് പ്രതികരിച്ചു.