കാശ്മീരിൽ തുർക്കിയുടെ രഹസ്യ ഇടപെടൽ, തുർക്കിയേ പൂട്ടി ഇന്ത്യയും

കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനം പകരാന്‍ തുര്‍ക്കിയും ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.തുര്‍ക്കിയില്‍ സ്വാധീനമുള്ള എന്‍ജിഒകളുടെ കശ്മീരിലെ പ്രവര്‍ത്തനമാണ് പ്രധാനമായും പരിശോധിക്കുന്നത്.

സൗദി അറേബ്യയെ കടത്തിവെട്ടി ഇസ്ളാമിക രാജ്യങ്ങളുടെ തലപ്പത്ത് എത്താന്‍ തുര്‍ക്കി നേരത്തെ ശ്രമം തുടങ്ങിയിരുന്നു.ഇതിന്റെ ഭാഗമായിട്ടാണ് കശ്മീരിലും വിഘടനവാദം വളര്‍ത്താന്‍ തുര്‍ക്കി ശ്രമിക്കുന്നത്.തുര്‍ക്കിയുടെ നീക്കങ്ങള്‍ക്ക് പാകിസ്താന്റെ ശക്തമായ പിന്തുണയും ലഭിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

ഉടച്ചുവാര്‍ക്കപ്പെട്ട യാഥാസ്തിക തുര്‍ക്കിയെ ആണ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഇനി മാതൃകയായി പിന്തുടരേണ്ടതെന്നും സൗദിയുടെ മേധാവിത്വം പുന:പരിശോധിക്കേണ്ട സമയമായെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദ്ദോഗന്‍ നേരത്തെ
തുറന്നടിച്ചിരുന്നു.ഈ പ്രസ്താവനയ്ക്ക് ശേഷം തുര്‍ക്കിയില്‍ നിന്ന് സഹായം പറ്റുന്ന എന്‍ജിഒകള്‍ കശ്മീരില്‍ സജീവമായെന്നാണ് റിപ്പോര്‍ട്ടുകള്‍.റംസാന്‍ സഹായങ്ങളുടെ മറവില്‍ തുര്‍ക്കിയില്‍ നിന്നുള്ള എന്‍ജിഒകള്‍ കശ്മീരില്‍ സ്വാധീനം വിപുലപ്പെടുത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം അടുത്തിടെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇവരുടെ പിന്തുണയോടെ വെബിനാറുകള്‍ സംഘടിപ്പിക്കുന്നതായും സൂചനകള്‍ ലഭിച്ചിരുന്നു.

ഇതില്‍ പലതും തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്റ്റീസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടിയുമായി അടുപ്പമുള്ളതുമാണ്.കശ്മീരിലെ പാകിസ്താന്‍ വാദങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തുര്‍ക്കി മാദ്ധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നതും സംശയങ്ങള്‍ക്ക് ബലം കൂട്ടുന്നു.

സംശയ നിഴലിലുള്ള സംഘടനകളെയും വ്യക്തികളെയും തിരിച്ചറിയുകയും അവരെ നിരീക്ഷിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുകയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആദ്യം ചെയ്യുക.ഇവര്‍ക്ക് വിദേശ ഫണ്ടുകള്‍ വരുന്നുണ്ടാേയെന്ന് ഉള്‍പ്പെടെ രണ്ടാം ഘട്ടത്തില്‍ പരിശോധിക്കും.

രാജ്യത്തെ തീവ്ര ഇസ്ലാമിക് ഓര്‍ഗനൈസേഷനുകള്‍ക്കും, ഐഎസ് ഉപവിഭാഗങ്ങള്‍ക്കും പണം നല്‍കുന്നതിന് പിന്നില്‍ തുര്‍ക്കിയാണ്.പ്രസിഡന്റ് തയ്യിബ് എര്‍ദോഗനാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തല്‍.ഇതുവഴി തെക്കന്‍ ഏഷ്യയിലെ മുസ്ലിമുകള്‍ക്കിടയില്‍ പ്രശസ്തി നേടിയെടുക്കാനാണ് തയ്യിബിന്റെ ലക്ഷ്യം.കൂടാതെ ഇന്ത്യയ്‌ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ പാക് ഭീകര സംഘടനകളില്‍ തുര്‍ക്കി സമ്മര്‍ദ്ദം ചെലുത്തുന്നതായും ഇന്ത്യന്‍ അന്വഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഇതോടെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ചിട്ടുണ്ട്.

ഇന്ത്യ ആസ്ഥാനമായുള്ള തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ധനസഹായം നല്‍കുക, വ്യക്തമായ മത താല്‍പ്പര്യങ്ങളുള്ള രാഷ്ട്രീയ സംഘടനകളുമായി സഹകരിക്കുക, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്നിവ വഴി ക്രമസമാധാനം തകര്‍ക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പ്രശസ്തമായ ഹഗിയ സോഫിയ ഉള്‍പ്പടെയുള്ള ക്രിസ്തീയ ദേവാലയങ്ങളെ മുസ്ലിം പള്ളിയാക്കി നിസ്‌കാരത്തിന് വിട്ടുനല്‍കിയതിന് അന്താരാഷ്ട്ര തലത്തില്‍ തുര്‍ക്കിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.അതിനു പിന്നാലെയാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്