ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി, രണ്ട് കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്.

മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ഈ രണ്ടു കുട്ടികളെയും കാണാതാവുന്നത്. പിന്നീട് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ക്വാറിയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മേല്‍മുറിയില്‍ പൊട്ടിച്ച് ഒഴിവാക്കിയ ക്വാറിയിലാണ് കുട്ടികള്‍ മരിച്ചത്.

കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെ ഇവര്‍ ക്വാറിയിലേക്ക് പോയിരിക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് ഇവിടെ തിരച്ചില്‍ നടത്തിയത്. മുങ്ങല്‍വിദഗ്ധര്‍ അടക്കം ക്വാറിയില്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.