ഡോക്ടർ വന്ദനയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും

കോട്ടയം. പൊലീസ് സാന്നിധ്യത്തിലും കേരളത്തില്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്ന അവസ്ഥയാണെന്ന് ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തെ കേന്ദ്രവനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അപലപിച്ചു. പൊലീസ് സാന്നിധ്യത്തില്‍ വന്ദന കൊല്ലപ്പെട്ടെന്നത് ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിര്‍ഭയ ഫണ്ടിലൂടെയടക്കം കേരളത്തിന് നരേന്ദ്രമോദി സര്‍ക്കാരിന്റെ സഹായം കൃത്യമായി മുടങ്ങാതെ ലഭിക്കുന്നുണ്ട് – സ്മൃതി ഇറാനി പറഞ്ഞു.

3000 കോടിയോളം പെണ്‍കുട്ടികളുടെ പോഷകാഹാരനിലവാരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിക്കഴിഞ്ഞതായും കേന്ദ്രമന്ത്രി പറഞ്ഞു. രാഹുല്‍ഗാന്ധിയെ അമേഠിയില്‍ നിന്ന് ഓടിച്ച് കേരളത്തിലെ എംപിയാക്കിയതി നൊപ്പം അദ്ദേഹത്തിന്റെ മണ്ഡലത്തിലെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും സ്മൃതി ഇറാനി പറയുകയുണ്ടായി.

ഡോക്ടര്‍ വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും. ഡോക്ടര്‍ വന്ദന ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വീട്ടിലാണ് സ്മൃതി ഇറാനി സന്ദര്‍ശനം നടത്തിയത്. വീട്ടില്‍ സന്ദര്‍ശനം നടത്തിയ ഇരു കേന്ദ്രമന്ത്രിമാരും വന്ദനയുടെ അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിച്ചു.

ഡോക്ടര്‍ വന്ദനയുടെ മാതാപിതാക്കള്‍ക്കൊപ്പം ഏകദേശം ഒരു മണിക്കൂറോളം മന്ത്രിമാര്‍ ചെലവഴിച്ചു. ഈ മാസം 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിയ സന്ദീപ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ വന്ദനയുടെ ശരീരത്തില്‍ 17 മുറിവുകളാണ് ഉണ്ടായിരുന്നത്.