ഭരണഘടനയുമായി ബന്ധപ്പെട്ട് അനാവശ്യവിവാദങ്ങൾ തിരിച്ചടിയാകും, നേതാക്കൾക്ക് മുന്നറിയിപ്പു നല്കി പ്രധാനമന്ത്രി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഭരണഘടനയുമായി ബന്ധപ്പെട്ട് അനാവശ്യവിവാദങ്ങൾ ഉണ്ടാക്കരുതെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് പാർട്ടിയെ ആക്രമിക്കാൻ അവസരമൊരുക്കുന്ന അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കാനുമാണ് മോദി നിർദേശം നൽകിയത്.

കർണാടകയിൽ നിന്നുള്ള മുൻ മന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെ, ലാലു സിംഗ് തുടങ്ങിയ പാർട്ടി നേതാക്കൾ നിരന്തരം ഭരണഘടനയെ സംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനയിലെ ചില വ്യവസ്ഥകൾ പുനഃപരിശോധിക്കുമെന്നായിരുന്നു ഇവരുടെ അഭിപ്രായങ്ങൾ. ഇത് വിവാദമാവുകയും പ്രതിപക്ഷ നേതാക്കൾ വിമർശനം കടുപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാന മന്ത്രി തന്നെ താക്കീത് നൽകി രംഗത്തെത്തിയത്.

ഇത്തരമൊരു അഭിപ്രായത്തിന്റെ ആശങ്ക മനസ്സിലാക്കിയ പ്രധാനമന്ത്രി, തൻ്റെ സർക്കാർ ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടെന്നും ബിആർ അംബേദ്കറിന് പോലും ഇപ്പോൾ അത് ഇല്ലാതാക്കാൻ കഴിയില്ലെന്നും മോദി തറപ്പിച്ചുപറഞ്ഞു. രാജ്യത്തിൻ്റെ ഭരണഘടനയാണ് ബിജെപി സർക്കാരിന് എല്ലാം. ബാബാസാഹേബ് അംബേദ്കർ തന്നെ വന്നാലും ഭരണഘടന ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.