യുവഡോക്ടറുടെ കൊലപാതകം , ഡ്രസ്സിങ് റൂമിൽ നിന്നുള്ള ദൃശ്യങ്ങൾ സന്ദീപ് അയച്ചത് സ്‌കൂൾ ഗ്രൂപ്പുകളിലേയ്‌ക്ക്

കൊല്ലം: യുവഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ ചികിത്സയ്ക്കിടെ ഡ്രസ്സിങ് റൂമിൽ നിന്നുള്ള ദൃശ്യങ്ങൾ
പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ പ്രതിയായിരുന്നു പകർത്തിയത്. ഇതിൽ ഡോ. വന്ദന പ്രതിയെ പരിചരിക്കുന്നതും കാണാനാകും. ഈ ദൃശ്യങ്ങൾ പ്രതി സ്‌കൂൾ അദ്ധ്യാപകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേയ്‌ക്ക് അയച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. മൂന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേയ്‌ക്കാണ് സന്ദീപ് ദൃശ്യങ്ങൾ അയച്ചത്.

ജില്ലാ ക്രൈബ്രാഞ്ച് സംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതേ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. സന്ദീപിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്കായി കോടതി മുഖേന ഇന്ന് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേയ്‌ക്ക് അയയ്‌ക്കും.

കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ ഇത് സഹായിക്കും. സന്ദീപിന്റെ ബന്ധുക്കളുടെയും പരിസരവാസികളുടെയും മൊഴി കഴിഞ്ഞ ദിവസനം രേഖപ്പെടുത്തിയിരുന്നു. റിമാൻഡിൽ കഴിയുന്ന സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് അപേക്ഷ സമർപ്പിക്കും. അതേസമയം പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാർ ജയിലിലെത്തി സന്ദീപിനെ പരിശോധിചു.

പരിശോധനയില്‍ പ്രതിക്ക് മാനസിക പ്രശ്‌നമില്ലെന്ന് കണ്ടെത്തി. അതേസമയം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിച്ചതെന്ന് സന്ദീപ് ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞു. താന്‍പുരുഷ ഡോക്ടറെയാണ് ആക്രമിക്കുവാന്‍ ശ്രമിച്ചതെന്നും സന്ദീപ് പറയുന്നു.