കുടുംബ ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ട്; ഡിവോഴ്സ് ആയിട്ടില്ലെന്ന് വീണ നായര്‍

മിനിസ്‌ക്രനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായര്‍. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു വീണ. ഷോ കഴിഞ്ഞതിന് ശേഷം നടിയുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടായെന്നും, ഡിവോഴ്സ് ആയെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു.

ഫ്ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കുന്നതിനിടെ സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോള്‍. പ്രശ്നങ്ങള്‍ ഉണ്ടെന്നും ഡിവോഴ്സ് അയിട്ടില്ലെന്നും വീണ നായര്‍ പറഞ്ഞു.’ഡിവോഴ്സ് ആയിട്ടില്ല. എല്ലാ വീട്ടിലുമുള്ള ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉണ്ട്. അത് ഊതിവീര്‍പ്പിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വന്നു. ഞാന്‍ ഇങ്ങട് പോരുന്നെന്ന് പറഞ്ഞപ്പോള്‍ തന്നെ പുള്ളിയോട് പറഞ്ഞു അവിടെ ചെല്ലുമ്ബോള്‍ എല്ലാം ചോദിക്കുമെന്ന്. അപ്പോള്‍ പുള്ളി എന്റെയടുത്ത് പറഞ്ഞു ഡിവോഴ്സായിട്ടില്ലല്ലോ, അവിടെ ചെന്ന് അങ്ങനെയങ്ങ് പറ എന്ന്.

ഇടയ്ക്ക് അടിയും പിടിയും ബഹളവുമൊക്കെയുണ്ടാകുമ്ബോഴല്ലേ സുഖമുള്ളൂ. ഒത്തിരി കോളുകള്‍ വന്നിരുന്നു. എനിക്കോ പുള്ളിക്കോ പ്രത്യേകിച്ചൊന്നും പറയാനില്ല. ഒരു സ്റ്റോറി ഇട്ടാല്‍ പോലും വേറെ രീതിയിലേ വരത്തുള്ളൂ. സോഷ്യല്‍ മീഡിയയാണ് നമ്മളെ വളര്‍ത്തുന്നത്, അവര്‍ തന്നെയാണ് പണി തരുന്നത്. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. 2014 ജൂണിലായിരുന്നു വിവാഹം. അഭിനയം നിര്‍ത്തി, ഡാന്‍സൊക്കെയായി പോകാമെന്നായിരുന്നു ചിന്ത. വെള്ളിമൂങ്ങ റിലീസ് ചെയ്ത ശേഷം അദ്ദേഹം അഭിനയം നിര്‍ത്തരുതെന്ന് പറഞ്ഞു. ഒരു മകനുണ്ട്. അമ്ബാടി എന്ന് വിളിക്കും.”- നടി പറഞ്ഞു.

ബിഗ് ബോസിലെ അനുഭവങ്ങളും വീണ വെളിപ്പെടുത്തി. ‘ ബിഗ് ബോസില്‍ ഏറ്റവും അധികം മിസ് ചെയ്തത് മോനെയായിരുന്നു. ഒരമ്മയ്ക്ക് പറഞ്ഞാല്‍ അത് മനസിലാകുമായിരിക്കും. നീ അതൊക്കെ അറിഞ്ഞിട്ടല്ലേടി പോയതെന്നായിരിക്കും ആളുകള്‍ ചോദിക്കുക. അറിഞ്ഞിട്ടൊക്കെത്തന്നെയാണ് പോയത്. പക്ഷേ ഇത്രയും ബുദ്ധിമുട്ടുണ്ടാകുമെന്ന് അവിടെയെത്തിയപ്പോഴാണ് മനസിലായത്. ക്യാഷ് തന്നെയായിരുന്നു ബിഗ് ബോസിലേക്കുള്ള ആകര്‍ഷണം.സാമ്ബത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.’- താരം വ്യക്തമാക്കി.