സിനിമയില്‍ ഉള്‍പ്പെടുത്തിയത് എന്റെ അച്ഛന്റെ അന്ത്യനിമിഷം, ദേശീയ അവാര്‍ഡിന് പിന്നാലെ വെളിപ്പെടുത്തലുമായി സുധ കൊങ്കര sudha kongara soorarai potru

മികച്ച സിനിമയ്ക്കും നടനും നടിയ്ക്കുമുള്‍പ്പടെ നിരവധി ദേശിയ പുരസ്കാരങ്ങളാണ് സുധ കൊങ്കാര സംവിധാനം ചെയ്ത സുരറൈ പോട്ര് നേടിയത്. ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങളില്‍ സന്തോഷ പങ്കുവച്ചുകൊണ്ടുള്ള സുധയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അച്ഛന്റെ മരണത്തോടെയാണ് താന്‍ സുരറൈ പോട്രിന്റെ യാത്രാ ആരംഭിച്ചത്. അതിനാല്‍ അച്ഛന്റെ അന്ത്യ നിമിഷങ്ങള്‍ ചിത്രത്തിലെ ഒരു രം​ഗമായി ഉള്‍പ്പെടുത്തി എന്നാണ് ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ സുധ പറഞ്ഞു.

സ്വന്തം ജീവിതകഥ എന്നെ വിശ്വസിച്ചേല്‍പ്പിച്ച ക്യാപ്റ്റന്‍ ഗോപിനാഥിനും ആ ജീവിതകഥ അഭ്രപാളികളില്‍ അനശ്വരമാക്കിയതിന് സൂര്യയ്ക്കും സുധ നന്ദി അറിയിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും ഓരോ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദിപറയാനും അവര്‍ മറന്നില്ല. ഈ സിനിമയുടെ യാത്ര തുടങ്ങിയത് എന്റെ അച്ഛന്റെ മരണത്തോടെയാണ്. മരണശയ്യയില്‍ കിടന്നുകൊണ്ട് വാതിലില്‍ നില്‍ക്കുന്ന എന്നോട് അടുത്തേക്ക് വരാന്‍ ആംഗ്യം കാണിക്കുന്ന അച്ഛന്റെ അന്ത്യനിമിഷത്തെ രൂപമാണ് എന്റെ മനസ്സില്‍ അവസാനമായി പതിഞ്ഞത്. സൂരറൈ പോട്ര് എന്ന എന്റെ ചിത്രത്തിലെ ഒരു രംഗമായി ഞാന്‍ ആ നിമിഷം ഉള്‍പ്പെടുത്തി. സിനിമാ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ നമ്മളില്‍ ഭൂരിഭാഗം പേരും ആത്യന്തികമായി നമ്മുടെ സിനിമകളില്‍ നമ്മുടെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങള്‍ ചേര്‍ത്തുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് എന്റെ വിശ്വാസം.

സൂരറൈ പോട്രുവില്‍ ഞാന്‍ ഉള്‍പ്പെടുത്തിയ നമ്മുടെ ജീവിതത്തില്‍ നിന്നുള്ള നിരവധി നിമിഷങ്ങള്‍ക്ക് എന്റെ അച്ഛനോട് നന്ദിപറയുന്നു. ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഈ നിമിഷത്തില്‍ എന്റെ സന്തോഷം കാണാന്‍ അച്ഛന്‍ ഇല്ലല്ലോ എന്നുള്ളതാണ് എന്റെ ദുഃഖം എന്റെ ഗുരുവിന് നന്ദി. നിങ്ങള്‍ പഠിപ്പിച്ചതൊന്നുമില്ലെങ്കില്‍ ഞാന്‍ ഒരു വലിയ പൂജ്യമാണ്.- സുധ കുറിച്ചു. കുടുംബത്തിനും തന്റെ സുഹൃത്തുക്കള്‍ക്കും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം സുധ നന്ദി അറിയിച്ചു. പ്രേക്ഷകരാണ് തന്റെ ദൈവങ്ങളെന്നും തന്നെ മുന്നോട്ടു നയിക്കുന്ന ശക്തി അവരാണെന്നും സംവിധായിക പറയുന്നു.