‘എക്സ്സ്‌പീരിയൻസ്ഡ് ആയിട്ട് മന്ത്രിയാകാൻ വന്നാൽ പോരായിരുന്നോ ?’: വീണ ജോർജിന് നേരെ രൂക്ഷ വിമർശനം

തിരുവനന്തപുരം . കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടറെ വൈദ്യപരിശോധനക്കിടെ കുത്തികൊലപ്പെടുത്തിയ പ്രതികരിച്ച ആരോഗ്യ മന്ത്രി വീണ ജോർജിനെ പരിഹസിച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഡോക്ടര്‍ക്ക് പരിചയസമ്പത്തില്ലായിരുന്നുവെന്ന മന്ത്രിയുടെ വാക്കുകളാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. നേരത്തെ ആരോഗ്യ മന്ത്രിയായി എക്സ്പീരിയൻസ് ഇല്ലാത്തതിന്റെ കേടാണ് ജനങ്ങൾ ഈ അനുഭവിക്കുന്ന തൊക്കെയെന്ന് ജസ്ല വീണ ജോർജിനെ പരിഹസിച്ച് കൊണ്ട് പറഞ്ഞിരിക്കുന്നു.

‘മുന്നെ ആരോഗ്യ മന്ത്രിയായ എക്സ്പീരിയൻസ് ഇല്ലാത്ത കേടാണ് ജനങ്ങൾ ഈ അനുഭവിക്കുന്നതൊക്കെ. എക്സ്സ്‌പീരിയൻസ്ഡ് ആയിട്ട് വന്നാൽ പോരായിരുന്നോ? ഡോക്ടർമാർ മെഡിസിൻ ആണ് പ്രാക്ടീസ് ചെയ്യുന്നത്. അല്ലാതെ കരാട്ടെയും കുങ്ഫുവുമല്ല, വെട്ടും കുത്തും തടയാൻ. എന്തൊക്കെ ഈ പറയുന്നത്?. പ്രബുദ്ധ കേരളത്തിന്റെ ആരോഗ്യ മന്ത്രി’, ജസ്ല ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നു.

ഇതിനിടെ, മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മെഡിക്കൽ വിദ്യാർത്ഥി സംഘടനയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തുകയുണ്ടായി. എല്ലാ ഡോക്ടര്‍മാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നും സതീശന്‍ പറഞ്ഞു.

അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നെന്നും ഡോക്ടർ പരിചയ സമ്പന്നയായിരുന്നില്ല, അതിനാൽ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. അതേസമയം ആരോഗ്യമന്ത്രിയുടെ പ്രതികരണത്തില്‍ മറുപടിയുമായി കെ.ബി ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തി. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്നാണ് ഗണേഷ് കുമാർ ചോദിച്ചിരിക്കുന്നത്.