കാറിന്റെ തുറന്ന ഡോറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോറിൽ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. വയനാട് ബത്തേരിയിൽ രാവിലെ 10 മണിയോടെയാണ് സംഭവം. ബത്തേരി മാവടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണു മരിച്ചത്

ബത്തേരി- മണിച്ചിറ റോഡിൽ മണിച്ചിറ അരമനയ്ക്ക് സമീപം നിർത്തിയിട്ട കാറിന്റെ ഡോർ കാർ യാത്രികൻ തുറന്നപ്പോൾ ബൈക്കിലെത്തിയ റഫീഖ് ഡോറിൽ ഇടിച്ചു റോഡിൽവീണു. ഈ സമയത്തു പിന്നിൽനിന്നു വന്ന മറ്റൊരു കാർ റഫീഖിന്റെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയാണ് റഫീഖ്.

അതേ സമയം പത്തനംതിട്ട എംസി റോഡിൽ അടൂർ പുതുശ്ശേരിഭാഗത്ത് കാറുകൾ കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ( 63), മകൻ നിഖിൽ രാജ് (32) എന്നിവരാണ് മരിച്ചത്. രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. നിഖിൽ രാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നു രാവിലെ 6.30 നായിരുന്നു അപകടം.

എതിർദിശയിലേക്ക് വന്ന കാറിലുണ്ടായിരുന്ന ചടയമംഗലം സ്വദേശികളായ 4 പേർ പരുക്കേറ്റ് ചികിത്സയിലാണ്. രാജശേഖര ഭട്ടതിരിയും കുടുംബവും അടൂർ ഭാഗത്തേക്ക് വരികയായിരുന്നു. എതിരെ കൊച്ചിയിൽനിന്ന് ചടയമംഗലത്തേക്ക് പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.