കെ സുരേന്ദ്രൻ വയനാട്ടിൽ സ്ഥാനാർത്ഥി; ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരരംഗത്തിറങ്ങും. ബിജെപി കേന്ദ്ര നേതൃത്വം പുറത്തിറക്കിയ അഞ്ചാം ഘട്ട പട്ടികയിൽ കേരത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചത്.

എറണാകുളത്ത് കെ എസ് രാധാകൃഷ്ണൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ, ആലത്തൂർ ടി എൻ സരസു എന്നിവരാണ് കേരളത്തിൽ നിന്നും പട്ടികയിൽ ഇടംപിടിച്ചത്.

മത്സരിക്കാനില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ സ്ഥാനാർഥിയാക്കി മത്സരം കടുപ്പിക്കാനാണു ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ആനി രാജയാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. സുരേന്ദ്രന്റെ വരവോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനും കളമൊരുങ്ങി.