വിളിക്കാത്ത കല്യാണത്തില്‍ ഉണ്ണാന്‍ പോകില്ല; തുഷാറിന്റെ കണ്‍വന്‍ഷൻ ബഹിഷ്കരിച്ച് പി സി ജോര്‍ജ്

കോട്ടയം ∙ പി.സി.ജോർജും തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള ഭിന്നത എൻഡിഎയ്ക്ക് തലവേദനയാകുന്നു. കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പി.സി. ജോർജ് ബഹിഷ്കരിച്ചു. വിളിക്കാത്ത കല്യാണത്തില്‍ ഉണ്ണാന്‍ പോകുന്ന പാരമ്പര്യം തനിക്കില്ലെന്നാണ് പി സി ജോര്‍ജിന്റെ പ്രഖ്യാപനം.

നേരത്തെ ഇരുകൂട്ടരും രമ്യമായി പോകണമെന്നും പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിർദേശിച്ചിരുന്നു. ബി ഡി ജെ എസും പി സി ജോര്‍ജും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുകൂട്ടരും വഴങ്ങിയിട്ടില്ല.

പത്തനംതിട്ടയിൽ അനിൽ ആന്റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ അതിനെതിരെ പി.സി.ജോർജ് രംഗത്തുവന്നു. തുഷാറിന്റെ സ്ഥാനാർഥിത്വത്തിനു പിന്നാലെ ‘സ്മോൾ ബോയ്’ എന്ന വിശേഷണമാണ് പി.സി നൽകിയത്.

തുഷാറിന്റെ റോഡ് ഷോയിൽനിന്നും പി.സി വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത കൺവൻഷനിൽനിന്നും വിട്ടുനിന്നത്. എൻഡിഎ കൺവൻഷന്‍ ഉദ്ഘാടനം ചെയ്ത കെ.സുരേന്ദ്രൻ, എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചു. ജനങ്ങളുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇരുമുന്നണികളും ചര്‍ച്ച ചെയ്യുന്നതെന്നും നേതാക്കൾ അഴിമതിക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.