വധശിക്ഷയ്ക്ക് കാത്തു നില്‍ക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവതി മരിച്ചു

വധശിക്ഷ കാത്തു നില്‍ക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരണം സംഭവിച്ച യുവതിയെ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൂക്കിലേറ്റി. ഭര്‍ത്താവിനെ കൊന്ന കുറ്റത്തിന് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹ്‌റ ഇസ്മായില്‍ എന്ന യുവതിയാണ് തൂക്കിലേറ്റുന്നതിന് മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചത്. ഇറാനിലാണ് സംഭവം നടന്നത്. മരിച്ചു കഴിഞ്ഞുവെങ്കിലും നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ഭരണകൂടം സഹ്‌റയുടെ മൃതദേഹം തൂക്കിലേറ്റുകയായിരുന്നു.

തന്നെയും മക്കളേയും നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിനെ മറ്റു മാര്‍ഗ്ഗമില്ലാതെ വന്നപ്പോഴാണ് സഹ്‌റ കൊലപ്പെടുത്തിയത്. എന്നാല്‍ കൊലപാതകത്തിന് ഭരണകൂടം വധശിക്ഷയാണ് വിധിച്ചത്. സഹ്റയ്ക്കൊപ്പം തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട മറ്റ് പതിനാറ് പേരുടെ ശിക്ഷ നടപ്പാക്കുന്നതിനിടെയാണ് യുവതിക്ക് ഹൃദയാഘാതം സംഭവിച്ചത്.

മൃതദേഹം തൂക്കിലേറ്റിയ സമയത്ത് കാലിന് ചുവട്ടിലെ കസേര വലിച്ചുനീക്കിയത് സഹ്‌റയുടെ ഭര്‍ത്താവിന്റെ അമ്മയായിരുന്നു. ശിക്ഷ നടപ്പാക്കുമ്പോള്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ക്ക് ശിക്ഷ നടത്തിപ്പില്‍ പങ്കാളിയാകാന്‍ അവകാശമുണ്ട്. ഈ അവകാശം സഹ്‌റയുടെ ഭര്‍തൃമാതാവ് ഉപയോഗിക്കുകയായിരുന്നു.