കോഴിക്കോട് പോക്കറ്റിലിരുന്ന് സ്മാര്‍ട്ട് ഫോണ്‍ തീപിടിച്ച് യുവാവിന് പരിക്കേറ്റു

കോഴിക്കോട്. പോക്കറ്റിലിട്ടിരുന്ന സ്മാര്‍ട്ട് ഫോണ്‍ തീപിടിച്ച് യുവാവിന് പരിക്ക്. ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് അപകടം സംഭവിച്ചത്. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഫാരീസസ് റഹ്‌മാനാണ് പരിക്കേറ്റത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരാണ് ഫാരിസ്. റിയല്‍മി എട്ട് സ്മാര്‍ഫോണാണ് തീപിടിച്ചത്. രണ്ട് വര്‍ഷമായി താന്‍ ഉപയോഗിക്കുന്ന ഫോണാണെന്ന് ഫാരിസ് പറയുന്നു.

ഫോണ്‍ ചൂടാകുന്ന പ്രശ്‌നങ്ങള്‍ ഒന്നും ഇത് വരെ സംഭവിച്ചിട്ടില്ല. എന്നാല്‍ താന്‍ ഫോണിന്റെ ഡിസ്‌പ്ലേ മാറിയിരുന്നുവെന്ന് ഫാരീസ് പറഞ്ഞു. ഫോണിന് തീപിടിച്ച ഉടനെ ഫാരിസ് പാന്റ് ഊരി കളഞ്ഞത് കൊണ്ട് വലിയ അപകടം ഒഴിവായി. ഫോണിന്റെ ബാറ്ററിയും ബാക്കും പൂര്‍ണമായും കത്തി നശിച്ചു. വസ്ത്രത്തിനും തീപിടിച്ചു.

ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022ലും 21ലും റിയല്‍മി പൊട്ടിത്തെറിച്ചതായി പരാതിയുണ്ടായിരുന്നു. റിയല്‍മിയുടെ തന്നെ നാര്‍സോ5എ, റിയല്‍മി എക്സ്ടി, റിയല്‍മി 5 തുടങ്ങിയ ഫോണുകളും തീപിടിച്ച് അപകടമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയല്‍മിയെ കൂടാതെ റെഡ്മി പോലുള്ള മറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ ബ്രാന്റുകളുടേയും ഫോണുകള്‍ മുമ്പ് പൊട്ടിത്തെറിച്ചിട്ടുണ്ട്.