കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

കണ്ണൂർ : ബിഡിഎസ് വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. പേരാമ്പ്ര ജാനകിത്തോട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ ആയിരുന്നു സംഭവം. പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ്(22) ആണ് മരിച്ചത്. മാഹി ഡെന്റൽ കോളേജിലെ ബിഡിഎസ് നാലാം വർഷ വിദ്യാർത്ഥിയാണ് ഗൗഷിക് ദേവ്. ഏഴ് പേർ അടങ്ങിയ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്.

ഇതിനിടെ കയമുള്ള ഭാഗത്ത് ഗൗഷിക് ദേവ് മുങ്ങി പോകുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരും പെരുവണ്ണാമുഴി പൊലീസും ചേർന്നാണ് വിദ്യാർത്ഥിയെ കരക്കെത്തിച്ചത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കണ്ണൂരില്‍ കനത്ത ചൂടിൽ തയ്യൽകട ഉടമയുടെ ഇരുകാലുകൾക്കും സാരമായി പൊള്ളലേറ്റു. ചെറുപുഴ തിരുമേനിയിൽ വച്ചായിരുന്നു സംഭവം. കനത്ത ചൂടിൽ ബസിറങ്ങി റോഡിലൂടെ ചെരുപ്പിടാതെ ഷോപ്പിലേക്ക് നടന്ന തയ്യൽക്കട ഉടമ കരുവഞ്ചാൽ പള്ളിക്കവല സ്വദേശി എം ഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്.

ചെറുപുഴ തിരുമേനിയിൽ ടൈലറിംഗ് ഷോപ്പ് നടത്തുന്ന രാമചന്ദ്രനാണ് സൂര്യാതപമേറ്റത്. ബസ്സിറങ്ങി നഗ്നപാദനായി 100 മീറ്ററോളം നടന്നപ്പോഴാണ് രാമചന്ദ്രന് സൂര്യാതപമേറ്റത്, കാൽപാദത്തിലെ കീഴ്ഭാഗത്തെ തൊലി മുഴുവൻ അടർന്നു പോയി ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. പൊള്ളലേറ്റ ചർമം നീക്കി.

രാമചന്ദ്രൻ സുഖം പ്രാപിച്ചു വരികയാണ്. അതേ സമയം ജില്ലയിൽ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം,സൂര്യാതപം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.