മഹാരാഷ്ട്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; അന്‍പതിലധികം പേര്‍ക്ക് പരിക്ക്

മുംബൈ. മഹാരാഷ്ട്രിയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചു. മഹാരാഷ്ട്രയിലെ ഗോണ്ടിയിലാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി.

പാസഞ്ചര്‍ ട്രെയിനിന്റെയും ഗുഡ്‌സ് ട്രെയിനിന്റെയും കൂട്ടിയിടിയെ തുടര്‍ന്ന് 50-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഗ്നലിലെ പിഴവാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.

പുലര്‍ച്ചെ രണ്ടരയോടെയാണ് ഗോണ്ടിയിലാണ് അപകടം നടന്നത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. കൂട്ടിയിടിയെ തുടര്‍ന്ന് ട്രെയിനിന്റെ മൂന്ന് കോച്ചുകളും പാളം തെറ്റി.