ലോക പ്രശസ്ത മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി

കേന്ദ്ര സര്‍ക്കാര്‍ സമാധാനം കെടുത്തിയപ്പോള്‍ സമാധാന നോബല്‍ നേടിയ സംഘടനയ്ക്കും ഇന്ത്യയില്‍ നിശബ്ദരാകേണ്ടി വന്നിരിക്കുന്നു. അഞ്ച് പതിറ്റാണ്ടിലേറെ രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആംനെസ്റ്റി ഇന്റര്‍നാഷണലാണ് കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടലില്‍ മനം മടുത്ത് പ്രവര്‍ത്തനം നിര്‍ത്തിയത്. ദില്ലി കലാപം, ജമ്മു കശ്മീര്‍ വിഷയങ്ങളില്‍ മനുഷ്യാവകാശ ലംഘനത്തിനെതിരെ ശബ്ദമുയര്‍ത്തുക മാത്രമാണ് ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയായിരുന്നുവെന്ന് ആംനെസ്റ്റി കുറ്റപ്പെടുത്തി. വിദേശ ഫണ്ട് സ്വീകരിച്ചതില്‍ ക്രമക്കേട് ആരോപിച്ച് കഴിഞ്ഞ 10ന് ആംനസ്റ്റിയുടെ അകൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.

ഇതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഇല്ലാതായി. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നതെന്ന് ആംനെസ്റ്റി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണ്. വിയോജിപ്പുകളെ മരവിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആംനെസ്റ്റി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പറഞ്ഞു. ഫണ്ട് സ്വരൂപിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന വാദം ആംനെസ്റ്റി തള്ളി. ഇന്ത്യന്‍ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചാണ് ധന സമാഹരണം നടത്തിയത്. 1 ലക്ഷത്തോളം ഇന്ത്യക്കാരാണ് പണം നല്‍കിയത്. അതിനാല്‍ എഫ് സി ആര്‍ എ ലംഘനം എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആംനെസ്റ്റിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.