സംസ്ഥാനത്ത് ഇന്നു മുതല്‍ മാളുകളില്‍ പ്രവേശനത്തിന് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സംസ്ഥാനത്ത് കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാളുകളില്‍ പ്രവേശനത്തിന് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കൊറോണ പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് മാളുകളിലും മാര്‍ക്കറ്റുകളിലും പ്രവേശിക്കാം. അല്ലാത്തപക്ഷം ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷനായ യോഗത്തിലാണ് തീരുമാനം.

പൊതുപരിപാടികളിലെ പങ്കാളിത്തത്തിന് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതു പരിപാടികളില്‍ പരമാവധി 50 മുതല്‍ 100 പേര്‍ വരെ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളൂ. നാളെയും മറ്റന്നാളുമായി രണ്ടരലക്ഷം കൊറോണ പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി. ഏറ്റവും കൂടുതല്‍ പരിശോധന നടത്തുക എറണാകുളം ജില്ലയിലായിരിക്കും. ഇവിടെ 30,900 പേരെ പരിശോധിക്കും. തീവ്രപരിചരണത്തിന് കൂടുതല്‍ കിടക്കകളും സജ്ജമാക്കും.

കേന്ദ്രത്തോട് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെടുമെന്നും യോഗത്തില്‍ അറിയിച്ചു. 25 ലക്ഷം കൊവാക്സിനും 25 ലക്ഷം കൊവിഷീല്‍ഡുമാണ് ആവശ്യപ്പെടുന്നത്. വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ വിപുലീകരിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പോയവരെ എല്ലാവരേയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കും. വിവാഹം, ഗൃഹ പ്രവേശം എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം തുടരണം. സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്തണം. മാസ് പരിശോധനയില്‍ ആദ്യം പരിഗണന നല്‍കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണവുമായും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് ആയിരിക്കും. നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പോലീസ് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.