വീടിനുള്ളില്‍ 70-കാരി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍, സംഭവം അടിമാലിയില്‍

ഇടുക്കി : 70-കാരിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി കുര്യന്‍സ് ആശുപത്രിയിലേക്ക് പോകുന്ന വഴി ശ്രീ ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നെടുവേലി കിഴക്കെതില്‍ ഫാത്തിമ കാസിം (70) ആണ് കൊല്ലപ്പെട്ടത്.

ഇവരുടെ മകന്‍ സുബൈര്‍ മൈതീന്‍ ഹൈദ്രോസ് ശനിയാഴ്ച വൈകുന്നേരം വീട്ടിലത്തിയപ്പോള്‍ ഫാത്തിമയെ രക്തം വാര്‍ന്ന നിലയില്‍ കാണുകയായിരുന്നു. ഉടനെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകം ആണെന്നാണ് സംശയം.

മുറിയില്‍ മുളകുപ്പൊടി വിതറിയിട്ടുണ്ടായിരുന്നു. അതേസമയം, കോട്ടയത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. എലിക്കുളം ആളുറുമ്പ് വടക്കത്തുശ്ശേരിൽ അരുണിന്റെയും ആര്യയുടെയും മകൾ ആത്മജ അരുണാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് പൈക ഏഴാംമൈലിൽ വാടകവീടിന് സമീപത്തുവെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു. ഉരുളികുന്നം എസ്.ഡി.എൽ.പി.സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയായിരുന്നു ആത്മജ.