രമേശന്റെ അസുഖവും അതാണ്, ചില നേരങ്ങളില്‍ രമേശന്‍ മുഖ്യമന്ത്രിയായി മാറുന്നു, രമേശ് ചെന്നിത്തലയെക്കുറിച്ച് ഡോ. സണ്ണിയ്ക്ക് പറയാനുള്ളത്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളായ സാമൂഹ്യ പ്രവര്‍ത്തകരെയ ഫോണ്‍ ചെയ്ത് കാര്യ വിവരങ്ങള്‍ അന്വേഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഈ വീഡിയോയൈ ആസ്പദമാക്കി നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. ഇപ്പോള്‍ വീഡിയോയെ കുറിച്ച് ഷഫീക് സല്‍മാന്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രം രമേശ് ചെന്നിത്തലയെക്കുറിച്ച് പറയുന്നതായാണ് കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ

ഡോ. സണ്ണിയ്ക്ക് പറയാനുള്ളത് നമ്മള്‍ കേള്‍ക്കണം. കേട്ടേ പറ്റൂ.

‘അതറിയാനാണ് ഞാന്‍ അന്ന് രമേശനേയും കൊണ്ട് നിയമസഭയില്‍ പോകാന്‍ പറഞ്ഞത്. പക്ഷേ, രമേശനത് ഒരു പ്രശ്‌നമല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ കാര്യം പറഞ്ഞു രമേശനെ പ്രകോപിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിക്കസേരയെച്ചൊല്ലി എന്തൊക്കെയോ പറഞ്ഞു ഞാന്‍ എതിര്‍ത്തു.

രമേശന്‍ പ്രതികരിച്ചു. അതിശക്തമായി. അസാധാരണമായി. അപൂര്‍വ്വമായ ഒരു മനോരോഗത്തിന്റെ അഗ്‌നികുണ്ഠങ്ങള്‍ രമേശന്റെ കണ്ണുകളില്‍ ജ്വലിക്കുന്നത് ഞാന്‍ ആദ്യമായ് കണ്ടു. ആ നിമിഷങ്ങളില്‍ ഒരു നിമിഷം രമേശന്‍ മുഖ്യമന്ത്രിയായി മാറുകയായിരുന്നു.

രമേശന്റെ അസുഖവും അതാണ്. ചില നേരങ്ങളില്‍ രമേശന്‍ മുഖ്യമന്ത്രിയായി മാറുന്നു. നമ്മള്‍ പത്രങ്ങളില്‍ ഒക്കെ വായിച്ചിട്ടില്ലേ. പതിനൊന്നു വയസ്സുള്ള ഒരു മുസ്ലീം ബാലിക എഴുപതു വയസ്സുള്ള ഒരു വാരസ്യാരായി പെരുമാറുന്നു. സംസാരിക്കുന്നു. സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലുന്നു എന്നൊക്കെ. പഴമക്കാരിതിനെ ബാധ കൂടിയതാണെന്നൊക്കെ പറയും.

സൈക്യാട്രിയില്‍ സ്പ്ലിറ്റ് പേര്‍സണാലിറ്റി, ഡ്യുവല്‍ പേര്‍സണാലിറ്റി, അതായത് അപരവ്യക്തിത്വം ദ്വന്ദവ്യക്തി എന്ന ലഘുമനോരോഗമായാണ് കാണുന്നത്. ശരിയായ സമയത്ത് ചികിത്സിക്കണം. ഇവിടെ രമേശനിലെ ആ മറ്റൊരാള്‍ മുഖ്യമന്ത്രിയാണ്. രോഗബാധയുണ്ടാകുമ്‌ബോള്‍ അയാള്‍ സ്വയം മുഖ്യമന്ത്രിയാണെന്നു കരുതും. പിന്നെ ഇതൊക്കെ കാണിച്ചു കൂട്ടും. നമുക്ക് നമ്മുടെ ആ പഴയ രമേശനെ വേണം. നിങ്ങള്‍ക്ക്. ഞാന്‍ തന്നിരിക്കും.’