വ്യായാമം ചെയ്യുന്നതിനിടെ അപകടം, 210 കിലോഗ്രാം ബാർബെൽ ശരീരത്തിൽ വീണ് യുവാവിന് ദാരുണ മരണം

ബാലി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി. ഇന്തോനേഷ്യയിലെ ബാലിയിലാണ് സംഭവം. ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർ ജസ്റ്റിൻ വിക്കിയുടെ ശരീരത്തിലേക്കാണ് 210 കിലോഗ്രാം ബാർബെൽ വീണത്. അപകടത്തിൽ യുവാവിന്റെ കഴുത്തൊടിഞ്ഞിരുന്നു.

ബാർബെൽ ഉപയോഗിച്ച് സ്‌ക്വാട്ട് ചെയ്യുന്നതിനിടെ നിവർന്ന് നിൽക്കാൻ ശ്രമിച്ചതാണ് ബാലൻസ് തെറ്റി താഴെ വീഴാൻ കാരണമായത്. ഇതോടെ ഭാരം ഘടിപ്പിച്ച ബാർബെൽ ജസ്റ്റിന്റെ കഴുത്തിലേക്ക് പതിക്കുകയായിരുന്നു. കഴുത്തൊടിഞ്ഞ ജസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതേസമയം ജസ്റ്റിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധിപേരാണ് എത്തിയത്. ഇന്തോനേഷ്യയിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസറാണ് ജസ്റ്റിൻ. അതേസമയം കഴിഞ്ഞ ദിവസം ഡൽഹിയിൽ ജിമ്മിൽ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ബിടെക് വിദ്യാർത്ഥിയായ സാക്ഷം പ്രുതി(24) ആണ് മരിച്ചത്.

ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. രോഹിണിയിലെ ജിംപ്ലെക്സ് ഫിറ്റ്നസ് സെന്ററിൽ വ്യായാമം ചെയ്യുന്നതിനിടെ ആയിരുന്നു ഇയാൾക്ക് ഷോക്കേറ്റത്. പിന്നാലെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യായമത്തിനിടെ അപകടത്തിൽപ്പെട്ടെങ്കിലും മരണകാരണം വ്യക്തമായിരുന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണ കാരണം വ്യക്തമായത്. സംഭവത്തിൽ ജിം മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസ്.