കിണറിന്റെ തൂണും ചാരി ഫോൺ ചെയ്തയാൾ കാൽവഴുതി വീണു, ആരുമറിയാതെ കിണറ്റിൽ കിടന്നത് മൂന്നുനാൾ

വെമ്പായം: വീട്ടുമുറ്റത്തെ കിണറ്റിന്റെ കൈവരിയിലിരുന്ന് ഫോൺചെയ്യുന്നതിനിടെ കിണറ്റിൽ വീണയാൾ ആരുമറിയാതെ അകത്തുകിടന്നത് മൂന്നു ദിവസം. മൂന്നാം നാൾ ഇതുവഴിപോയയാൾ കിണറ്റിനുള്ളിൽ നിന്നും ഞരക്കം കേട്ടെത്തിയതിനാൽ ജീവൻ തിരിച്ചുകിട്ടി.

ബുധനാഴ്ച വൈകീട്ട് കിണറ്റിൽവീണ കൊഞ്ചിറ നാലുമുക്ക് വിളയിൽ വീട്ടിൽ പ്രദീപി(38)നെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പുറത്തെടുത്തത്. വീഴ്ചയിൽ കൈയ്ക്ക് കാര്യമായി പരിക്കേറ്റ പ്രദീപിനെ പുറത്തെടുക്കുമ്പോൾ തീരെ അവശനുമായിരുന്നു.

വീട്ടിൽ ആകെയുണ്ടായിരുന്ന അമ്മ സരള ഈ ദിവസങ്ങളിൽ ദൂരെ ബന്ധു വീട്ടിലായിരുന്നതിനാലാണ് പ്രദീപ് കിണറ്റിൽ അകപ്പെട്ട വിവരം ആരുമറിയാതിരുന്നത്. പ്രദീപിന്റെ കൈയിലുണ്ടായിരുന്ന ഫോൺ വെള്ളത്തിൽ വീണ് കേടായതിനാൽ ഉപയോഗിക്കാനായില്ല.

ബുധനാഴ്ച വൈകുന്നേരമാണ് പ്രദീപ് വീടിന്റെ മുറ്റത്തുള്ള കിണറിന്റെ ഭിത്തിയിൽ ചാരിയിരുന്ന് ഫോൺ ചെയ്തത്. ഇതിനിടെ ഭിത്തിയിടിഞ്ഞ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും കിണറിന്റെ തൊടിയിൽ പിടിച്ചിരുന്ന് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മൂന്നാം ദിവസമായപ്പോൾ അവശനായതോടെ നിലവിളി പുറത്തുകേൾക്കാതായി.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കിണറിനടുത്തുകൂടി പോയ വഴിയാത്രക്കാരൻ കിണറിനുള്ളിൽനിന്നു ശബ്ദംകേട്ട് നോക്കുമ്പോഴാണ് പ്രദീപ് കിണറ്റിൽ കിടക്കുന്നതുകണ്ടത്. ഉടൻ തന്നെ നെടുമങ്ങാട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.പ്രദീപിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഗ്നി രക്ഷാസേനാ യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജികുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ അനൂപ്, രഞ്ജു, സന്തോഷ്, വിവിൻ, നിഖിൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.