ഫോൺ കവർച്ച ശ്രമത്തിനിടെ അതിഥി തൊഴിലാളിയെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പ്രതികൾ അറസ്റ്റിൽ

കോഴിക്കോട് വട്ടോളിയിൽ ഫോണിൽ സംസാരിച്ചുകൊണ്ടു നിന്ന ബിഹാർ സ്വദേശിയിൽ നിന്ന് ഫോൺ തട്ടിപ്പറിക്കുകയും റോഡിലൂടെ വാഹനത്തിൽ വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 18, 23 വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് മീഡിയ സെൻ്ററാണ് ഇക്കാര്യം അറിയിച്ചത്. ബിഹാർ സ്വദേശി അലി അക്ബറിൽ നിന്നും ബൈക്കിലെത്തിയ രണ്ടംഗ സംഘം മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. ബൈക്കിൽ തൂങ്ങിക്കിടന്ന അലിയെ 100 മീറ്റർ ദൂരത്തോളമാണ് പ്രതികൾ വലിച്ചിഴച്ചത്.

ബൈക്കിൽ വന്ന രണ്ടംഗ സംഘം റോഡിൽ നിൽക്കുകയായിരുന്ന അലി അക്ബറിനോട്, ‘ഒരു കോൾ വിളിക്കാനാണ്, മൊബൈൽ ഫോൺ തരുമോ’ എന്ന് അഭ്യർത്ഥിച്ചു. അലി മൊബൈൽ ഫോൺ ഇയാൾക്ക് നൽകി. മോഷ്ടാവ് നമ്പർ ഡയൽ ചെയ്ത് ഫോൺ വിളിക്കുന്നതായി അഭിനയിച്ചു. ഈ സമയം തന്നെ അവർ ബൈക്ക് മുന്നോട്ടെടുത്തു. ബൈക്കിൽ പിടിച്ച് നിൽക്കുകയായിരുന്ന അലി കൈവിട്ടില്ല. ഇതോടെ ഇയാളെയും വലിച്ചുകൊണ്ട് മോഷ്ടാക്കൾ ബൈക്ക് ഓടിക്കുകയായിരുന്നു. ദൃശ്യങ്ങൾ കണ്ട നാട്ടുകാർ ബൈക്കിനെ പിന്തുടർന്നു. ഇതിനിടെ ബൈക്കിനു പിന്നിൽ ഇരുന്നയാൾക്കൊപ്പം മൊബൈൽ ഫോണും റോഡിലേക്ക് വീണു. നിലത്തുവീണയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.