ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലൻ പ്രസാദ് മരിച്ച നിലയിൽ

ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസായിരുന്നു പ്രായം. കളമശേരി സ്വദേശി കാവുങ്ങല്‍ പറമ്പില്‍ വീട്ടില്‍ പ്രസാദ് എന്ന എൻ ഡി പ്രസാദിനെ വീടിന് മുൻവശത്തുള്ള മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിവിന്‍ പോളി നായകനായി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് പ്രസാദ് ശ്രദ്ധ നേടുന്നത്. ഞായറാഴ്ച രാത്രി ഏഴര മണിയോടെയായിരുന്നു മരണം. മാനസിക പ്രശ്നങ്ങളും ഏറെ കുടുംബപ്രശ്നങ്ങളും പ്രസാദിന് ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.

ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നേരത്തെ മയക്ക് മരുന്ന് കേസിലും അറസ്റ്റിലായിട്ടുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളിലാണ് പ്രസാദ് വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുള്ളത്.