തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാർ ഒപ്പിട്ടു

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാർ അദാനി ഗ്രൂപ്പ് ഒപ്പിട്ടു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉത്തേജക നിയമപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും ചുമതലയും ഇനി അദാനി ഗ്രൂപ്പിനാണ്. 50 വർഷത്തേക്കാണ് അദാനി ഗ്രുപ്പിനു കരാർ നൽകിയിരിക്കുന്നത്. എയർപോർട്ട് ഡയറക്ടർ സി രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവുവാണ് കരാർ രേഖകൾ ഏറ്റുവാങ്ങിയത്.

സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടില്ലെങ്കിലും വിമാനത്താവളത്തിന്റെ ഇപ്പോഴുള്ള പ്രവർത്തനത്തിന് തടസ്സമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ നിലവിലുണ്ട്.

തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് എന്ന പേര് മാറ്റേണ്ടതില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. എയർപോർട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാകും വിമാനത്താവളത്തിന്റെ പ്രവർത്തനമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ജീവനക്കാർക്ക് മൂന്ന് വർഷം ഇവിടെ തന്നെ തുടരാം. 300 ജീവനക്കാരാണ് വിമാനത്താവളത്തിൽ ഉള്ളത്. അതിന് ശേഷം ഇവർ എയർപോർട്ടിന്റെ ഭാഗമാകുകയോ എയർപോർട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് മാറുകയോ ചെയ്യണം.