ഇനി രജിതയുടെ മുഖം വാടില്ല, മകളെ സാക്ഷിയാക്കി വിവാഹം, അതും എട്ട് വര്‍ഷത്തിന് ശേഷം

ഭാര്യയുടെ ആഗ്രഹം സാധിച്ച് കൊടുക്കാനായി വിവാഹദിനത്തിലെ ചടങ്ങുകള്‍ പുനരാവിഷ്‌കരിച്ച് യുവാവ്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് ചടങ്ങുകള്‍ വീണ്ടും ആവര്‍ത്തിച്ച് ഫോട്ടോഷൂട്ട് നടത്തി ഭാര്യയെ സന്തോഷവതിയാക്കിയത്. വെഞ്ഞാറമൂട് കോട്ടുകുന്നം മണ്ഡപക്കുന്ന് കിളിക്കൂട്ടില്‍ വി അനീഷ്- ഡോ. വൈ.എസ് രജിത ദമ്പതികളാണ് മകളുടെ മുന്നില്‍ വെച്ച് വീണ്ടും വിവാഹിതര്‍ ആയത്. ഏഴ് വയസുകാരി അമ്മുവിന്റെ മുന്നില്‍ വെച്ചാണ് അനീഷ് രജിതയുടെ കഴുത്തില്‍ വീണ്ടും മിന്നു കെട്ടി.

2014 ഡിസംബര്‍ 29നായിരുന്നു ഇവര്‍ വിവാഹം ചെയ്തത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനീഷ്, ഈ സമയം രജിത് എംകോ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു. പെണ്ണ് ചോദിച്ച് എത്തിയെങ്കിലും വധുവിന്റെ വീട്ടുകാര്‍ മറുപടി നല്‍കിയില്ല. ഒടുവില്‍ വിവാഹം സമ്മതിച്ചു. വിവാഹ ചടങ്ങുകള്‍ ഒന്നുമില്ലാതെ പെണ്‍കുട്ടിയെ വന്ന് വിളിച്ചിറക്കി കൊണ്ടുപോകാന്‍ അനീഷിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു.

ഇതോടെ അനീഷിന്റെ മാതാവും സഹോദരിയും എത്തി പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടു വന്നു. അന്ന് തന്നെ വൈകുന്നേരം കീഴായിക്കോണം ഓഡിറ്റോറിയത്തില്‍ വെച്ച് അനീഷിന്റെയും രജിതയുടെയും വിവാഹം നടന്നു. സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ രജിതയെ തുടര്‍ പഠനത്തിന് അയച്ചു. രജിത കൊമേഴ്‌സില്‍ പിഎച്ചഡി നേടി. കുറച്ചുകാലം കിളിമാനൂരിലെ സ്വകാര്യ കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ആയി ജോലി നോക്കി.

വിവാഹങ്ങളിലും മറ്റും പങ്കെടുക്കുമ്പോള്‍ രജിതയുടെ മുഖം വാടിയിരുന്നു. ഇത് അനീഷ് ശ്രദ്ധിച്ചിരുന്നു. വിവാഹത്തിന് അണിഞ്ഞാരുങ്ങി പന്തലില്‍ എത്തുക എന്നത് രജിതയുടെ സ്വപ്‌നമായിരുന്നു. പ്രത്യേക സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ വര്‍ണാഭമല്ലാതായത് തന്റെ വിധിയാണെന്നു രജിതയും ഉറപ്പിച്ചു. വിവാഹദിനത്തില്‍ എടുത്ത ഫോട്ടോകള്‍ എല്ലാംതന്നെ മുഖം വാടി കണ്ണീരില്‍ വിങ്ങിയ കണ്ണുകളുമായി വിഷാദ ഭാവത്തിലുള്ളതായിരുന്നു. എന്നിരുന്നാലും അന്നത്തെ ആല്‍ബം ദമ്പതികള്‍ സൂക്ഷിച്ചു വച്ചു. ആല്‍ബം കാണുമ്പോഴൊക്കെ മനസ്സില്‍ വിഷമം ഉണ്ടാകുമെന്ന് ദമ്പതികള്‍ പറയുന്നു.

ഭാര്യയ്ക്ക് നഷ്ടപ്പെട്ടുപോയ ഇത്തരം ചടങ്ങുകള്‍ ചെറിയ വരുമാനം മാത്രമുള്ള തനിക്ക് എങ്ങനെ തിരിച്ചു നല്‍കാന്‍ സാധിക്കും എന്ന ചിന്തയിലായിരുന്നു അനീഷ്. സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ അനീഷിന്റെ ആഗ്രഹം സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനി മീരാ അജിത്കുമാര്‍ മനസ്സിലാക്കുകയും വിവാഹ ഫോട്ടോ ഷൂട്ടിനു സാഹചര്യം ഒരുങ്ങുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും വധൂവരന്മാരായി അണിഞ്ഞൊരുങ്ങി ക്യാമറയ്ക്കു മുന്നിലേക്ക്…. സേവ് ദ ഡേറ്റ്, പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് എന്നിവയുടെ ഫോട്ടോ ഷൂട്ടുകള്‍ തിരുവനന്തപുരം, ആറ്റുകാല്‍ ക്ഷേത്രം, ശംഖുംമുഖം എന്നിവയുടെ പശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്ത് തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ ദിനങ്ങള്‍ മനോഹരമായി ചിത്രീകരിച്ച് ഡിജിറ്റല്‍ ആല്‍ബമാക്കി. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ഹിറ്റാണ്.