കൊലയാളി പാർട്ടിയുടെ അടിവേര് ഇളകി തുടങ്ങിയത് ടിപി ചന്ദ്രശേഖരന്റെ അരും കൊല മുതലാണ്- മാധ്യമ പ്രവർത്തക

ടി പി വധക്കേസ് പ്രതികൾക്ക് തിരിച്ചടി നല്കിയ ഹൈക്കോടതി വിധി അക്ഷരാർത്ഥത്തിൽ കൊലയാളികൾക്ക് സംരക്ഷണം നല്കിയ കൊലയാളിപ്പാർട്ടിയുടെ ചെകിടത്ത് കിട്ടിയ വൻ പ്രഹരമാണെന്ന് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. രാഷ്ട്രീയ എതിരാളികളുടെ മരണവും കൊലപാതകവും എന്നും ആർപ്പുവിളികളോടെ വരവേറ്റ ഈ കൊലയാളി പാർട്ടിയുടെ അടിവേര് ഇളകി തുടങ്ങിയത് ഈ അരും കൊല മുതൽക്കാണ്. കൊലക്കത്തിക്ക് ഇരയായ ഒരുപാട് ആത്മാക്കളുടെ , ഒരുപാട് കുടുംബങ്ങളുടെ ശാപം ഈ പ്രസ്ഥാനത്തെ മുച്ചൂടും മുടിക്കും, ഇന്നല്ലെങ്കിൽ നാളെയെന്നും അഞ്ജു സോഷ്യൽ മഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ടി പി വധക്കേസ് പ്രതികൾക്ക് തിരിച്ചടി നല്കിയ ഹൈക്കോടതി വിധി അക്ഷരാർത്ഥത്തിൽ കൊലയാളികൾക്ക് സംരക്ഷണം നല്കിയ കൊലയാളിപ്പാർട്ടിയുടെ ചെകിടത്ത് കിട്ടിയ വൻ പ്രഹരമാണ്. ഒപ്പം സംശയത്തിന്റെ ആനുകൂല്യം നല്കി സി പി എമ്മിന്റെ രണ്ട് നേതാക്കളെ കീഴ്ക്കോടതി വെറുതെ വിട്ടതും റദ്ദാക്കി. അതിൽ ഒരാൾ ചന്ദ്രശേഖരന്റെ തല തെങ്ങിൻ പൂക്കുല പോലെ തകർക്കുമെന്ന് പറഞ്ഞ കെ കെ കൃഷ്ണൻ.

ആശയ-അഭിപ്രായ വൈരുദ്ധ്യങ്ങളെ ആശയം കൊണ്ടു നേരിടാൻ കഴിയാതെ വാളും കഠാരയും കൊണ്ടു നേരിടുന്ന ഭീരുക്കൾക്കും പേമൃഗങ്ങൾക്കും എതിരെയുള്ള വിധി കൂടെയാണിത്. സഖാവ്.കുഞ്ഞനന്തൻ സി.പി.എമ്മിനും പാനൂരിലെ കമ്മ്യൂണിസ്റ്റുകാർക്കും കൺകണ്ട ദൈവമായിരിക്കാം. പക്ഷേ പൊതുസമൂഹത്തിനു മുന്നിൽ അയാൾ എന്നും ഒരു കൊലപാതക പ്രതി മാത്രമാണ്. ഇന്ന് കോടതി വിധി അത് ശരി വയ്ക്കുകയും ചെയ്തു. മരണം പോലെ സ്വച്ഛന്ദവും സത്യവുമല്ല കൊലപാതകം. പ്രപഞ്ചസത്യമായ മരണം നമ്മെ ഒരിക്കൽ തേടിയെത്തും. പക്ഷേ ആ തേടിയെത്തൽ കാലത്തിന്റെ അനുവാദത്തോടെയാണ്. അങ്ങനെ കാലത്തിന്റെ അനുവാദമില്ലാതെ ഒരാളെ മരണത്തിലേയ്ക്ക് തള്ളിയിടുന്ന പ്രവൃത്തിയാണ് കൊലപാതകം. അത് ഏറ്റവും നിന്ദ്യമാണ്. അങ്ങനെ ഇനിയും ഒരുപാടുനാൾ ജീവിക്കേണ്ടിയിരുന്ന ഒരു മനുഷ്യനെ 51 വെട്ട് കൊണ്ട് നിശബ്ദനാക്കി എന്നന്നേയ്ക്കും ഉറക്കികിടത്തിയ പാതകത്തിന് വാഴ്ത്തുപ്പാട്ട് നല്കിയ ഒരേ ഒരു പാർട്ടി -അതാണ് സി പി എം.

പാർട്ടിക്കു പുറത്തുപോയി ശത്രുക്കളുമായി കൂട്ടുചേർന്ന്‌ പാർട്ടിയെ തകർക്കാൻ ശ്രമിച്ചവർ കുലം കുത്തികളും കുലദ്രോഹികളുമാണ്‌. പാർട്ടിയെ തകർക്കാനും ദ്രോഹിക്കാനും നിൽക്കുന്നവരോട്‌ നല്ലവാക്ക്‌ പറഞ്ഞിട്ട്‌ കാര്യമില്ല. എം.വി. രാഘവനെയും കെ.ആർ. ഗൗരിയമ്മയെയും പാർട്ടി നേരിട്ടത്‌ പ്രത്യയശാസ്‌ത്രപരമായാണ്‌. സഖാവ് പിണറായി വിജയൻ കണ്ണൂരിൽ ചെയ്‌ത പ്രസംഗം ദേശാഭിമാനി ഒന്നാം പേജിൽ അച്ചടിച്ചു വന്നത്‌ (2012 മെയ്‌ 10 ന് )ഇങ്ങനെ ആയിരുന്നു. ആ നേരിടൽ എന്തായിരുന്നുവെന്ന് ഇന്നോവയും മാഷാ അള്ളാ സ്റ്റിക്കറും ഒരു ചാൺ നീളമുള്ള മുഖത്തിലെ 51 വെട്ടും കേരളത്തിന്‌ കാട്ടി തന്നു.

കൊന്നിട്ടും തീരാത്ത പകയുടെ അടയാളമാണ് രണ്ടു വട്ടം തകർക്കപ്പെട്ട ഒഞ്ചിയത്തെ ടി.പിയുടെ സ്തൂപവും എന്നും അവഹേളിക്കപ്പെടുന്ന രമയെന്ന ഭാര്യയുടെ സ്ത്രീത്വവും! എങ്കിലും ടി പി എന്ന രക്ത നക്ഷത്രം എന്നും ഈ പാർട്ടിയെ ഭയപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു. രാഷ്ട്രീയ എതിരാളികളുടെ മരണവും കൊലപാതകവും എന്നും ആർപ്പുവിളികളോടെ വരവേറ്റ ഈ കൊലയാളി പാർട്ടിയുടെ അടിവേര് ഇളകി തുടങ്ങിയത് ഈ അരും കൊല മുതൽക്കാണ്. കൊലക്കത്തിക്ക് ഇരയായ ഒരുപാട് ആത്മാക്കളുടെ , ഒരുപാട് കുടുംബങ്ങളുടെ ശാപം ഈ പ്രസ്ഥാനത്തെ മുച്ചൂടും മുടിക്കും, ഇന്നല്ലെങ്കിൽ നാളെ!!