നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള കനകലതയുടെ കടന്നുവരവ്. ചെറിയവേഷങ്ങളാണെങ്കിലും മലയാളികള്‍ക്ക മറക്കാനാകാത്ത വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

മറവിരോഗമായ അൽഷിമേഴ്സ് ബാധിച്ചു ഏറെക്കാലമായി ചികിത്സയിലായിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

1960 ഓഗസ്റ്റ് 24ന് കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് കനകലതയുടെ ജനനം. പരമേശ്വരൻ പിള്ളയും ചിന്നമ്മയും ആണ് മാതാപിതാക്കൾ. കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിലായിരുന്നു കനകലതയുടെ പ്രാഥമിക വിദ്യാഭ്യാസം.