ആലുവയിൽ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ പരിശോധന, പിടികൂടിയത് നാല് തോക്കും 20 വെടിയുണ്ടകളും

കൊച്ചി∙ ആലുവയ്ക്കടുത്ത് ആലങ്ങാട് ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്.

ഈ മേഖലയിലുള്ള 4 വീടുകളിലാണ് പരിശോധന നടത്തിയത്. റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചത്. ഇയാൾ ഈ മേഖലയിലെ ഒരു കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ സംഘാംഗമാണെന്ന് സംശയമുള്ളതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 2 റിവോൾവറുകളും 2 പിസ്റ്റലുകളും 2 കത്തികളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.

9 ലക്ഷം രൂപയും റിയാസിന്റെ വീട്ടിൽ നിന്നും പിടികൂടിയിട്ടുണ്ട്. റിയാസ് ഏറെകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. റിയാസിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.