ഹിന്ദുവിന്റെ വിശ്വാസം മാത്രം കേരളത്തിൽ പുരോഗമനാശയങ്ങൾക്ക് എന്നും വിലങ്ങുതടിയാവുന്നു- അഞ്ജു പാർവതി പ്രഭീഷ്

അധികൃതരുടെ മേൽനോട്ടത്തിൽ കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽ പി സ്കൂളിൽ ബിജെപി പ്രവർത്തകർ പൂജ നടത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം വൻ ചർച്ചയായിരുന്നു. നെടുമണ്ണൂർ എൽ പി സ്കൂളിലെ മാനേജർ അരുണയുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലാണ് പൂജ നടത്തിയത്. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും സിപിഎം പ്രവർത്തകരുമെത്തി പൂജ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ പഠിക്കുന്ന ഒരു പൊതുവിദ്യാലയത്തിൽ കുട്ടികളെ നിർബന്ധിച്ചു പൂജയിൽ പങ്കെടുപ്പിക്കുകയോ അവരുടെ പഠന സമയത്തെ ബാധിക്കുന്ന തരത്തിൽ പകൽ സമയത്ത് പൂജ നടത്തിയിരുന്നുവെങ്കിൽ അതിനെതിരെ കേസ് എടുക്കാൻ വകുപ്പുണ്ട് പോലീസിന്. എന്നാൽ ഒരു മാനേജ്‌മെന്റ് സ്ക്കൂൾ അവരുടെ സ്വന്തം കാശു കൊണ്ട് പുതുതായി കെട്ടിടം പണിതപ്പോൾ, സ്ക്കൂൾ മാനേജ്‌മെന്റിന്റെ വിശ്വാസത്തിന്റെ ഭാഗമായി ആ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനത്തെയോ കുട്ടികളെയോ ഒരു തരത്തിലും ബാധിക്കാത്ത തരത്തിൽ പൂജയോ ഹോമമോ നടത്തിയതിനു എന്ത് വകുപ്പ് പ്രകാരമാണ് കേരള പോലീസ് കേസെടുക്കുന്നതെന്ന് ചോദിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്

കുറിപ്പിങ്ങനെ

മതേതര കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഉള്ള മൂന്ന് വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ആണിത്. ഒന്നാമത്തെ ചിത്രം -കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂർ എൽ പി സ്‌കൂളിൽ സ്കൂൾ മാനേജരുടെ കുടുംബം രാത്രിയിൽ നടത്തിയ പൂജയുടെ ( ഗണപതി ഹോമം, ഭഗവതി പൂജ ) ചിത്രം!! ഹൈന്ദവ വിശ്വാസിയായ സ്കൂൾ മാനേജർ സ്വന്തം ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിൽ അഥവാ സ്കൂളിൽ വച്ച് നടത്തിയ ഈ പൂജ മതേതരകേരളത്തിൽ സംഭവിച്ച വൻ പാതകം ആണത്രേ!! ഈ ഒരു പൂജയ്ക്ക് അവർ സ്കൂളിലെ കുട്ടികളെ നിർബന്ധിതമായി കൊണ്ട് വന്നിരുന്നോ?. ഇല്ല!!! സ്കൂൾ പ്രവർത്തന സമയത്ത് ആയിരുന്നുവോ പൂജ? അല്ല!! പിന്നെന്ത് കൊണ്ട് ഇത് ഇത്രമേൽ വലിയ പാതകം ആയി മാറി?? ഉത്തരം നൽകേണ്ടത് പൊതു സമൂഹം!!

രണ്ടാമത്തെ ചിത്രം : ചുങ്കത്തറ മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കെട്ടിട സമുച്ചയ കൂദാശ 2022 മെയ് മാസം നടന്നത്. കൂദാശ എന്നത് തീർത്തും മതപരമായ ക്രൈസ്തവ ചടങ്ങ്.!! അവരുടെ മാനേജ്‌മെന്റ് അവരുടെ വിശ്വാസവും ആചാരവും അനുസരിച്ചു കൂദാശയും ഉത്ഘാടനവും നടത്തി!! ഒരു പ്രശ്നവും തോന്നിയില്ല. കാരണം LKG മുതൽ ക്രൈസ്തവ മാനേജ്‌മെന്റ് സ്കൂളിൽ പഠിച്ച ഹിന്ദുവായ ഞാൻ കണ്ടിട്ടുണ്ട് അത്തരം സ്‌കൂളുകളിൽ അവർ നടത്തുന്ന അവരുടെ മതപരമായ ആചാരങ്ങൾ. ഒന്നിനും നിർബന്ധിച്ചിട്ടില്ലെങ്കിലും രാവിലത്തെ സ്കൂൾ പ്രെയർ മുതൽ ഉച്ചഭക്ഷണം കഴിക്കുന്നതിനു മുമ്പുള്ള പ്രാർത്ഥന വരെ O Lord എന്ന് പ്രാർത്ഥിച്ചു ശീലിച്ചു. സ്‌കൂളിന് ഉള്ളിൽ ഉള്ള ചാപ്പലിൽ പോയി യേശുദേവനോട് ഹൃദയം കൊണ്ട് സംവദിച്ചു.

അത് കൊണ്ട് തന്നെ ഈ ഉത്ഘാടന ചിത്രം കണ്ടിട്ട് എനിക്ക് നൊന്തില്ല!! മൂന്നാമത്തെ ചിത്രം – കൊല്ലം കരുനാഗപ്പള്ളിയിൽ ഉള്ള ഗവ സ്കൂൾ. വിവിധ മതത്തിൽ ഉള്ള കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ സ്‌കൂളിന് എന്ത്‌ കൊണ്ട് ഒരു മതത്തിന്റെ പേര് മാത്രം നൽകിയെന്ന് ഓർത്ത് ആകുലത തോന്നിയില്ല. കാരണം അവിടുത്തെ ഒരു മുസ്ലീം കുടുംബത്തിന്റെ ഉടമസ്ഥതിയലുണ്ടായിരുന്ന സ്‌കൂളാണ് അത് . 100 വർഷത്തിലേറെ പഴക്കമുള്ള സ്‌കൂൾ സർക്കാരിന് കൈമാറിയപ്പോൾ അതിന്റെ പേര് നിലനിർത്തുകയായിരുന്നു . ഒരു സ്കൂൾ സർക്കാർ ഏറ്റെടുക്കുമ്പോൾ ആ പേര് അത് തന്നെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തദ്ദേശ വകുപ്പും വിദ്യാഭ്യാസ വകുപ്പും ആണത്രേ. ഇങ്ങനെ മുസ്ലീം എന്ന മത ലേബൽ പേറുന്ന ഒരുപാട് സർക്കാർ സ്കൂളുകൾ ഇവിടെയുണ്ട്. അവിടെ പല വിഭാഗങ്ങളിൽ ഉള്ള കുട്ടികളും അധ്യാപകരും പഠിക്കുന്നുണ്ട്, പഠിപ്പിക്കുന്നുണ്ട്. അതൊന്നും ഇതുവരേയ്ക്കും ഒരു പ്രശ്നമായി പൊതുസമൂഹത്തിന് തോന്നാത്തത് മതം വച്ച് കുത്തിത്തിരിപ്പ് നടത്താൻ ഇവിടൊന്നും DYFI മുതിരാത്തത് കൊണ്ടാണ്.

എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ പഠിക്കുന്ന ഒരു പൊതുവിദ്യാലയത്തിൽ കുട്ടികളെ നിർബന്ധിച്ചു പൂജയിൽ പങ്കെടുപ്പിക്കുകയോ അവരുടെ പഠന സമയത്തെ ബാധിക്കുന്ന തരത്തിൽ പകൽ സമയത്ത് പൂജ നടത്തിയിരുന്നുവെങ്കിൽ അതിനെതിരെ കേസ് എടുക്കാൻ വകുപ്പുണ്ട് പോലീസിന്. എന്നാൽ ഒരു മാനേജ്‌മെന്റ് സ്ക്കൂൾ ( അതിനി ഗവ : Aided ആണെങ്കിൽ കൂടി ) അവരുടെ സ്വന്തം കാശു കൊണ്ട് പുതുതായി കെട്ടിടം പണിതപ്പോൾ, സ്ക്കൂൾ മാനേജ്‌മെന്റിന്റെ വിശ്വാസത്തിന്റെ ഭാഗമായി ആ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനത്തെയോ കുട്ടികളെയോ ഒരു തരത്തിലും ബാധിക്കാത്ത തരത്തിൽ പൂജയോ ഹോമമോ നടത്തിയതിനു എന്ത് വകുപ്പ് പ്രകാരമാണ് കേരള പോലീസ് കേസെടുക്കുന്നത്? അങ്ങനെ ചെയ്യുന്നത് തീർത്തും ഭരണഘടന ലംഘനം അല്ലേ??? കേസ് മാത്രമല്ല സ്‌കൂൾ കെട്ടിടത്തിൽ ഗണപതി ഹോമം സംഘടിപ്പിച്ചത് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ച്ചയെന്ന് കാട്ടി AEO റിപ്പോർട്ട് നൽകിയെന്നും നെടുമണ്ണൂർ സ്‌കൂൾ മാനേജ്മെന്റിനും പൂജയിൽ പങ്കെടുത്തവർക്കും ഇതിന്റെ പേരിൽ നടപടി നേരിടേണ്ടി വരുമെന്നും അറിയുന്നു.

അങ്ങനെങ്കിൽ ഒരു കാര്യം ഉറക്കെ പറയേണ്ടി വരും – ഈ മതേതര കേരളത്തിൽ ഹൈന്ദവ ആചാരങ്ങൾക്കും ഹൈന്ദവ ബിംബങ്ങൾക്കും എതിരെ മാത്രം പ്രവർത്തിക്കുന്ന വ്യവസ്ഥിതി ആണുള്ളത് എന്ന് !! ഒരു പൗരന് അവന്റെ വിശ്വാസ പ്രമാണങ്ങൾക്കനുസരിച്ച് ജീവിക്കാൻ ഭരണഘടന അനുവാദം നല്കുന്നുണ്ടെങ്കിലും ഈ കൊച്ചുകേരളത്തിൽ ഹിന്ദുവിന് മാത്രം കല്പിച്ചു തുല്യം ചാർത്തിയിരിക്കുന്ന ചില വിലക്കുകളുണ്ട്, പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിൽ.! ഹിന്ദുവിന്റെ വിശ്വാസം മാത്രം പുരോഗമനാശയങ്ങൾക്ക് എന്നും വിലങ്ങുതടിയാവുന്നു. പ്രത്യയശാസ്ത്രത്തിലെ നാസ്തികത്വം അടിവരയിട്ടുറപ്പിക്കാൻ ഇതരമതവിഭാഗങ്ങളെ തൊടാതെ, ഹൈന്ദവമതവിശ്വാസത്തെ മാത്രം അവർ എന്നും ലാക്ക് ആക്കുന്നു.

മലക്കുകളും സുന്നത്തും ഹലാലും മാലാഖമാരും ഒക്കെ വിശ്വാസത്തിന്റെ ഭാഗമാവുകയും ഗണപതിയും അയ്യപ്പനും ഒക്കെ മിത്തു് ആവുകയും ചെയ്യുന്ന ഡബിൾ സ്റ്റാൻഡ് പ്രത്യയശാസ്ത്രത്തെ മാത്രമേ എന്നും ഞാനെന്ന ഹിന്ദു ചോദ്യം ചെയ്യുന്നുള്ളൂ. മറ്റ് ഒരു മതത്തിന്റെ ആരാധനാലയത്തിന്റെ മേലും ദേവസ്വം ബോർഡിന് കയ്യിട്ട് വാരണ്ട.. അതിന് ഹൈന്ദവ ദേവാലയങ്ങൾ വേണം.. പക്ഷേ അവിടെ കമ്മ്യൂണിസ്റ്റ് ഹിന്ദു പോയാൽ വിശദീകരണം.എന്തോന്ന് ഇരട്ടത്താപ്പാണ് ഹേ ഇത്!