നവകേരള സദസ്സിന്റെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന്റെ പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണമെന്ന ഉത്തരവ് വിവാദത്തില്‍

കൊച്ചി. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖത്തിനുള്ള പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണം എന്ന ഉത്തരവ് വിവാദത്തിലേക്ക്. നവകേരള സദസ്സിനും കേരളീയത്തിനുമുള്ള പണപ്പിരിവ് സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷകളില്‍ ആശയക്കുഴപ്പിത്തിലായ ജില്ലാ ഭരണകൂടങ്ങള്‍ പൊതുഭരണവകുപ്പിന്റെ പുതിയ ഉത്തരവോടെ പ്രതിസന്ധിയിലായി.

നവകേരള സദസ്സിന് പണം പിരിക്കുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നിട്ടും മുഖാമുഖത്തിനുള്ള പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉദ്യോഗസ്ഥരില്‍ തന്നെ പ്രതിഷേധമുണ്ടെന്നാണ് വിവരം.

ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് മൂന്ന് വരെയുള്ള തീയതികളില്‍ പത്തിടത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുഖാമുഖത്തിന് മൈക്ക് ഒരുക്കുന്നതിനെ കുറിച്ച് വരെ വിശദീകരിക്കുന്നുണ്ട്. ലഘുഭക്ഷണം, ചായ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനുള്ള ജോലി പ്രദേശിക സംഘാടകസമിതിക്കാണ് നല്‍കിയിരിക്കുന്നത്.