പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്

ഇടുക്കി:നാടിനെ നടുക്കിയ പുള്ളിപ്പുല വേട്ടയില്‍ അടുത്ത ട്വിസ്റ്റ്‌. മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസില്‍ പ്രതികളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്. പ്രതികള്‍ ഇതിന് മുമ്ബും നായാട്ട് നടത്തിയിട്ടുണ്ടെന്നും സംഘം മുള്ളന്‍പന്നിയെയും കെണിവച്ച്‌ പിടിച്ച്‌ കറിവെച്ചെന്നും വനം വകുപ്പ് അറിയിച്ചു.

പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി വനം വകുപ്പ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേസില്‍ മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, വിപി കുര്യാക്കോസ്, സിഎസ് ബിനു, സലി കുഞ്ഞപ്പന്‍, വടക്കും ചാലില്‍ വിന്‍സന്റ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘം പിടിയിലായത്. ബുധനാഴ്ച പിടിച്ച പുലിയെ തൊട്ടടുത്ത ദിവസമാണ് തോലുരിഞ്ഞ് ഇറച്ചിയാക്കിയത്. പത്തുകിലോയോളം ഇറച്ചിയെടുത്ത് കറിവെയ്ക്കുകയായിരിന്നു. തോലും പല്ലും നഖവും വില്‍പ്പനയ്ക്കായി ഉരിഞ്ഞുമാറ്റി. പുലിയുടെ അവശിഷ്ടങ്ങളും വനം വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.